മോസ്‌കോ: ഇന്ത്യന്‍ ബോക്‌സര്‍മാരായ മേരി കോം, മഞ്ജു റാണി എന്നിവര്‍ക്ക് പിന്നാലെ ജമുന ബോറോയും ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചു. 54 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയതോടെയാണ് ജമുനയ്ക്ക് മെഡലുറപ്പായത്. ജര്‍മനിയുടെ ഉര്‍സുല ഗോട്ട്‌ലോബിനെ 4-1 എന്ന സ്‌കോറിനാണ് ജമുന തോല്‍പ്പിച്ചത്. തായ്‌ലന്‍ഡിന്റെ  ചുതാമത് റക്‌സത്താണ് സെമിയില്‍ ജമുനയുടെ എതിരാളി. 

48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ 4-1ന് ഇടിച്ചിച്ചാണ് മഞ്ജു റാണി സെമി ഉറപ്പാക്കിയത്. ഇതാദ്യമായാണ് മഞ്ജു റാണി ലോക ബോക്‌സിംഗില്‍ സെമിയിലെത്തുന്നത്. ആറു തവണ ലോക ചാംപ്യനായിട്ടുള്ള ഇന്ത്യയുടെ മേരി കോം 51 കിലോ ഗ്രാം വിഭാഗത്തില്‍ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. കൊളംബിയയുടെ വലെന്‍സിയ വിക്ടോറിയയെയാണ് തോല്‍പ്പിച്ചത്. ലോക ബോക്‌സിംഗില്‍ എട്ടു മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് മേരി കോം.