ടെഹ്‌റാന്‍: ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അട്ടിമറിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ രണ്ടാം സീഡായ കസാഖ്സ്ഥാനെയാണ് ഇന്ത്യ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 31-29, 14-25, 30-28, 18-25, 15-9. 2017ലെ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു  കസാഖ്സ്ഥാന്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ സീഡ് ചെയ്യപ്പെട്ടിട്ടില്ല.

രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ലോക റാങ്കിംഗില്‍ 20ആം സ്ഥാനത്തുള്ള ചൈനയെ നേരിടും. ഒമാന്‍ ആണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. മലയാളികളായ ജി എസ് അഖിനും അജിത്ത് ലാലും ഇന്ത്യന്‍ ടീമിലുണ്ട്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 2020ലെ ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റില്‍ മത്സരിക്കാം.