ദില്ലി: 2022ലെ കോമൺവെൽത്ത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയായേക്കും. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് നീക്കം. 

കോമൺവെൽത്ത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാവാനുള്ള അപേക്ഷ നൽകാൻ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷനോട് ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരത്തിന് മുൻപ് അപേക്ഷ നൽകാനാണ് നിർദേശം. 1974ന് ശേഷം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കുന്നത്. 

ഇതിനെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. അവസാന കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണമടക്കം 16 മെഡൽ നേടിയിരുന്നു ഇന്ത്യ.