ദോഹ: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി. 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിനൊപ്പം ടോക്കിയോ ഒളിംപിക്സിനും ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കി.

മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്ന മാത്യു, വിസ്മയ, നോഹ നിര്‍മല്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ഹീറ്റ്സില്‍ ഓടിയത്. രണ്ടാം ലാപ്പില്‍ മലയാളി താരം വിസ്മയയുടെ വിസ്മയക്കുതിപ്പാണ് ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടിക്കൊടുത്തത്. അനസാണ് ഇന്ത്യക്കായി ആദ്യ ലാപ്പില്‍ ഓടിയത്.

എന്നാല്‍ രണ്ടാം ലാപ്പില്‍ കുതിച്ചുപാഞ്ഞ വിസ്മയയാണ് ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നേടിക്കൊടുത്തത്. മൂന്നാം ലാപ്പോടിയ ജിസ്ന മാത്യുവും അവസാന ലാപ്പോടിയെ നിര്‍മല്‍ നോഹയും തമ്മില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ നേരിയ ആശയക്കുഴപ്പമുണ്ടായെങ്കിലും ഇന്ത്യയെ മൂന്നാമതെത്തിക്കാന്‍ നിര്‍മലിനായി.

സീസണിലെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച സമയമാണ് ദോഹയില്‍ ഇന്ന് കുറിച്ചത്. പോളണ്ടാണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. ബ്രസീല്‍ രണ്ടാമതും ഇന്ത്യ മൂന്നാമതും ഫിനിഷ് ചെയ്തപ്പോള്‍ ബെല്‍ജിയം പുറത്തായി. ഞായറാഴ്ചയാണ് 4*400 മീറ്റര്‍ മിക്സഡ് റിലേ ഫൈനല്‍.

Also Read: ലോക അത്‍‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ജാബിര്‍ സെമിയില്‍ പുറത്ത്; ദ്യുതിക്ക് സീസണിലെ മോശം പ്രകടനം.