ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ കരുത്തുകാട്ടുമെന്നും മികച്ച സംഘത്തെ അയക്കുമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. ഒളിംപിക്‌സിന് തിരി തെളിയാന്‍ കൃത്യം ഒരു വര്‍ഷം ബാക്കിനില്‍ക്കേ ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്ര കായികമന്ത്രി ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് മനസുതുറന്നത്.

'ജപ്പാനിലെ ടോക്യോയില്‍ 2020ല്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ മികച്ച സംഘത്തെ ഇന്ത്യ അയക്കും, പ്രകടനം മെച്ചപ്പെടുത്തും'- കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ട് മെഡല്‍ മാത്രമാണ് നേടിയത്.

ടോക്യോയില്‍ 2020 ജൂലൈ ഇരുപത്തിനാലിനാണ് ഒളിംപിക്സിന് തുടക്കമാവുക. ടോക്യോയിലെ മറുനൗച്ചി സെൻട്രൽ പ്ലാസയില്‍ കൗണ്ട് ഡൗൺ ക്ലോക്ക് ചലിച്ചുതുടങ്ങി. ഒളിംപിക്സിലെ ജേതാക്കൾക്കുള്ള മെഡലുകളും ഒരുവർഷം മുൻപേ പ്രകാശനം ചെയ്തു. ജുനീച്ചി കവാനിഷിയാണ് മെഡലുകൾ രൂപകൽപന ചെയ്തത്.