ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിന് നിലവാരമില്ലെന്നും ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) പ്രസിഡന്റ് നരീന്ദര്‍ ബത്ര. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏതെങ്കിലും എഡിഷനില്‍ നിന്ന് മാത്രമല്ല, എല്ലാക്കാലത്തേക്കുമായി പിന്‍മാറുകയാണ് വേണ്ടതെന്നും ബത്ര പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിന് പകരം മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പങ്കെുടക്കാനാണ് ഇന്ത്യയിലെ കായിക താരങ്ങള്‍ ശ്രദ്ധിക്കേണ്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കാള്‍ മത്സരക്ഷമതയുള്ളത് രാജ്യാന്തര ടൂര്‍ണമെന്റുകളിലാണെന്നും ബത്ര പറഞ്ഞു. ഇത്തരം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്താല്‍ മാത്രമെ ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ സാധ്യതകള്‍ വര്‍ധിക്കൂവെന്നും ബത്ര പറഞ്ഞു.

അടുത്തമാസം നടക്കുന്ന അസോസിയേഷന്റെ എക്സിക്യൂട്ടീവ് ജനറല്‍ ബോഡി മീറ്റിംഗില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും ബത്ര പറഞ്ഞു. യോഗം അംഗീകാരം നല്‍കിയാല്‍ ഇക്കാര്യം സര്‍ക്കാരിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെയും അംഗീകാരത്തിന് വിടും.

കോമണ്‍വെല്‍ത്ത് ഗെയിംസിന് നിലവാരമില്ലെന്നും വെറും സമയംകൊല്ലിയാണെന്നും ബത്ര പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 70-100 മെഡലുകള്‍ നേടുന്ന ഇന്ത്യക്ക് ഒളിംപിക്സില്‍ രണ്ട് മെഡലുകളെ നേടാനാവുന്നുള്ളു. ഇത് കാണിക്കുന്നത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ നിലവാരില്ലായ്മയാണെന്നും ബത്ര പറഞ്ഞു. ഷൂട്ടിംഗ് മത്സരയിനമാക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 2022ലെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറാനുള്ള നിര്‍ദേശം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നു.