ദില്ലി: ഇത്തവണത്തെ ഇന്റര്‍നാഷണല്‍ മിലിറ്ററി സ്‌പോര്‍ട്‌സ് ഇവന്റിന് ഇന്ത്യയും വേദിയാകും. 10 രാജ്യങ്ങളിലായി നടക്കുന ഗെയിംസിലെ ചില മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുക. ആദ്യമായിട്ടാണ് ഇന്ത്യ മിലിറ്ററി ഗെയിംസിന് വേദിയാകുന്നത്. ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, അസര്‍ബെയ്ജാന്‍, അര്‍മേനിയ, ബലാറസ്, ഇറാന്‍, മംഗോളിയ, ഉസ്‌ബെക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലായിട്ടാണ് ഗെയിംസ് നടക്കുക.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ് ഗെയിംസിന്റെ സംഘാടന ചുമതല. 32 രാജ്യങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. ആഗസ്റ്റില്‍ ആറ് മുതല്‍ 14 നടക്കുന്ന മത്സരങ്ങളില്‍ രാജസ്ഥാനിലെ ജെയ്‌സല്‍മറിലാണ് ഇന്ത്യ വേദിയൊരുക്കുക. ഒമ്പത് ദിവസങ്ങളിലായിട്ടാണ് മത്സരം. ഇത്തരമൊരു  ഗെയിമിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.