ദില്ലി: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഷോട്ട്ഗൺ ലോകകപ്പിൽ നിന്ന്  ഇന്ത്യൻ ഷൂട്ടിംഗ്  ടീം പിന്മാറുന്നതായി നാഷണൽ റൈഫിൾ അസോസിയേഷൻ. മാർച്ച്‌ നാലു മുതൽ 13 വരെ സൈപ്രസിലെ നിക്കോഷ്യയില്‍വെച്ചാണ് ഷോട്ട്ഗൺ ലോകകപ്പ് ആരംഭിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്ന് റൈഫിള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധമൂലം യാത്രാവിലക്കുള്ള ഒരു രാജ്യവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ അവരുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാകാനിടയുണ്ടെന്നും  കേന്ദ്ര ആരോഗ്യമന്ത്രാലയം അസോസിയേഷനെ അറിയിച്ചിരുന്നു.

താരങ്ങളുടെ തിരിച്ചുവരവ് വൈകിയാല്‍ മാര്‍ച്ച് 16 മുതല്‍ 26വരെ ദില്ലിയിലെ കര്‍ണി സ്റ്റേഡിയത്തില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വരും.