Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്ര നിമിഷം; ആദ്യമായി ഒളിംപിക്സ് സെമിയില്‍

അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ കരുത്തിനെ ഫലപ്രദമമായി പ്രതിരോധിക്കാന്‍ ഇന്ത്യക്കായി.

India women hockey team creates history after beating Australia
Author
Tokyo, First Published Aug 2, 2021, 10:44 AM IST

ടോക്യോ: ഒളിംപിക് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍. പൂള്‍ ബി ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ കരുത്തിനെ ഫലപ്രദമമായി പ്രതിരോധിക്കാന്‍ ഇന്ത്യക്കായി. ഇതിനിടെ ഗുര്‍ജിത് കൗര്‍ നേടിയ ഒരു ഗോള്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ഒരിടവും നല്‍കി. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി. 

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ. ഇന്ത്യ ഒമ്പതാം സ്ഥാനത്തും. പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യന്‍ ക്വാര്‍ട്ടറി യോഗ്യത നേടുന്നത്. ശക്തരായ ഓസ്‌ട്രേലിയ അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നത്. എന്നാല്‍ ഗുര്‍ജിത്ത് ഇന്ത്യയുടെ ഹീറോയായി. പുരുഷ ടീമിന് പിന്നാലെ ഇന്ത്യയും സെമിയിലേക്ക്

1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതകളുടെ മികച്ച പ്രകടനവും അതുതന്നെ. അന്ന് ആറ് ടീമുകള്‍ മത്സരിച്ചപ്പോള്‍ ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കുകയായിരുന്നു. പിന്നീട്  2016 റിയൊ ഒളിംപിക്‌സിനാണ് ഇന്ത്യക്ക് യോഗ്യത നേടാന്‍ സാധിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയായിരുന്നു. ടോക്യോയിലേത് ഇന്ത്യന്‍ വനിതകളുടെ മൂന്നാം ഒളിംപിക്‌സായിരുന്നു. 

22-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു. ഒമ്പത് സേവുകള്‍ നടത്തിയ സവിത പൂനിയയും അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം പുറത്തെടുത്തു. 9 പെനാല്‍റ്റി കോര്‍ണറുകളാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios