ഫ്രാൻസിനെ പരാജയപ്പെടുത്തി ഇന്ത്യ യൂറോപ്യൻ ഇന്റർനാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി. മലയാളിയായ അസറുദ്ദീൻ ഷാ നയിച്ച ടീം ഒരു മത്സരം പോലും തോൽക്കാതെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
പാരീസ്: യൂറോപ്യന് ഇന്റര്നാഷണല് സൈക്കിള് പോളോ ചാമ്പ്യന്ഷിപ്പില് ഇന്ത്യ ചാമ്പ്യന്മാര്. മലയാളികള് ഉള്പ്പെട്ട ടീമാണ് അതിഥേയരായ ഫ്രാന്സിനെ പരാജയപ്പെടുത്തി സ്വര്ണം നേടിയത്. ഒറ്റക്കളിയും തോല്ക്കാതെയാണ്, മലയാളിയായ എയര്ഫോഴ്സ് ഉദ്യോഗസ്ഥന് അസറുദ്ദീന് ഷാ നയിച്ച ടീം കിരീടം നേടിയത്. ഇത് ഫ്രാന്സിന്റെ മണ്ണില് പിറന്ന കായിക ചരിത്രമാണ്. യൂറോപ്യന് ഇന്റര്നാഷണല് സൈക്കിള് പോളോ ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് ശക്തരായ ഫ്രഞ്ച് പടയെ അവരുടെ കാണികള്ക്ക് മുന്നില് മുട്ടുകുത്തിച്ച ഇന്ത്യന് കരുത്തിന്റെ നേര്ക്കാഴ്ച.
സെമിയും ഫൈനലുമടക്കം അഞ്ചില് അഞ്ച് മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് ഇന്ത്യന് സംഘം കിരീടമുയര്ത്തിയത്. ആ വിജയത്തില് മലയാളത്തിനും അഭിമാനിക്കാനേറെ. എറണാകുളം സ്വദേശിയും എയര്ഫോഴ്സ് ഉദ്യോഗസ്ഥനുമായ ക്യാപ്റ്റന് അസറുദ്ദീന് ഷാ നയിച്ച ടീമില് വിഷ്ണു എസ്, ജിജിരാജ് ആര്, അന്ഫര് ജെ, അല്ദിന് റിയാസ് എല്ലാവരും മലയാളികള്. എന്നാല് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി, നെഞ്ചിലെ കനലുകൊണ്ട് രാജ്യത്തിന് സ്വര്ണം നേടിത്തന്ന ഈ യോദ്ധാക്കള്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോള് ലഭിച്ചത് കടുത്ത അവഗണന മാത്രം.
കളി ജയിച്ച് വിമാനമിറങ്ങിയ ഈ വീരന്മാരെ സ്വീകരിക്കാന് കായിക അധികൃതരോ സര്ക്കാര് പ്രതിനിധിയോ എത്തിയില്ല. പൂച്ചെണ്ടുകളില്ലാതെ, ആര്പ്പുവിളികളുടെ കോലാഹലങ്ങളില്ലാതെ അവര് തിരികെ എത്തി. കളിമുറ്റത്ത് ആവേശം വാനോളം വാരിവിതറിയ ഈ മലയാളി വീര്യത്തെ ജന്മനാടായ കേരളവും പോറ്റുനാടായ കര്ണാടകവും ഒരുപോലെ അവഗണിച്ചു. സ്വന്തം തട്ടകമായ എയര്ഫോഴ്സ് നല്കിയ സ്നേഹപരിലാളന മാത്രമായിരുന്നു ആശ്വാസം
മറ്റ് ജനപ്രിയ കായിക ഇനങ്ങള്ക്ക് ലഭിക്കുന്ന കോടികളുടെ പരസ്യപിന്തുണയോ മികച്ച പരിശീലന സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ താരങ്ങള് ഫ്രാന്സിലേക്ക് വണ്ടികയറിയത്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അവര് രാജ്യത്തിന് സ്വര്ണവും നേടിത്തന്നു.

