Asianet News MalayalamAsianet News Malayalam

'ഇന്ത്യൻ ബോൾട്ടി'ന് മനംമാറ്റം; ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിലപാട് മാറ്റി ശ്രീനിവാസ ഗൗഡ

മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗലുരുവില്‍ വച്ച് ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു

Indian bolt sreenivasa gowda may participate SAI trials
Author
Bengaluru, First Published Feb 17, 2020, 3:01 PM IST

ബെംഗളൂരു: കമ്പള മത്സരത്തിലെ ഞെട്ടിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ശ്രദ്ധ നേടിയ കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുത്തേക്കും. ഇന്നലെ ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ ഇന്ന് നിലപാട് മാറ്റുകയായിരുന്നു.

"മാർച്ച് ആദ്യവാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്. അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാമെന്ന് കരുതുന്നു. സായ് അധികൃതരുമായി വീണ്ടും സംസാരിക്കും. ചെളിയിൽ ഓടുന്നത് പോലെ ട്രാക്കിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല," എന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗലുരുവില്‍ വച്ച് ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്‍റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കിയത്.  28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റിൽ പൂര്‍ത്തിയാക്കി. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കണക്ക്. ഇത് ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനേക്കാള്‍  0.03 സെക്കന്‍റ് മുന്നിലാണ്. 

ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ കായിക മന്ത്രാലയം ശ്രദ്ധിക്കുമോയെന്നും നിരവധിപ്പേര്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇതിന് മറുപടിയുമായി എത്തി. ശ്രീനിവാസ് ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios