ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചു. അമ്പെയ്ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുങ്കും മൊഹോദാണ് മികച്ച വനിതാ താരം. ഗുസ്തിയിൽ സ്വർണ്ണം നേടിയ സുജീത്താണ് മികച്ച പുരുഷ താരം.

ദില്ലി: ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴുകാരിയായ കുങ്കും മൊഹോദിനെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രഥമ ജസ്പാല്‍ റാണ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് അമ്പെയ്ത്തില്‍ നേടിയ രണ്ട് സ്വര്‍ണവും വെള്ളിയും. റികേര്‍വ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വര്‍ണം നേടിയ കുങ്കും മിക്‌സ്ഡ് ടീം ഇനത്തില്‍ വെള്ളിയും സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ റികേര്‍വ് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കുങ്കും. മിന്നും പ്രകടനത്തോടെ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ കുങ്കും 2028ലെ ലോസാഞ്ചലസ് ഒളിംപിക്‌സിനും യോഗ്യതനേടി. മികച്ച പുരുഷ താരത്തിനുള്ള പ്രഥമ രാജാ രണ്‍ധീര്‍ സിംഗ് പുരസ്‌കാരം സുജീത് സ്വന്തമാക്കിയത് ഗുസ്തിയിലെ സ്വര്‍ണ നേട്ടത്തോടെ. ഫൈനലില്‍ തജിക്കിസ്ഥാന്‍ താരത്തിനെതിരെ 2.9ന് പിന്നില്‍ നിന്ന സുജീത് ഐതിഹാസികമായി തിരിച്ചുവന്ന് ജയവും സ്വര്‍ണവും സ്വന്തമാക്കിയത് 10.9ന്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങള്‍ പിന്നീട് സമ്മാനിക്കും.