കൊച്ചി: തായ്‍ലന്‍റിൽ നടക്കുന്ന ഏഷ്യൻ കപ്പ് ബ്ലൈൻഡ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്ന് മലയാളികളുണ്ട്. കൊച്ചിയിൽ ഒരു മാസത്തോളം നീണ്ടുനിന്ന പരിശീലന ക്യാമ്പിൽ നിന്നാണ് ഏഷ്യൻ കപ്പ് ബ്ലൈൻഡ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ബ്ലൈന്‍റഡ് ഫെഡറേഷൻ സ്പോർട്ടിങ്ങ് ഡയറക്ടറും ടീമിന്‍റെ കോച്ചുമായ സുനിൽ ജെ. മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഗോൾ കീപ്പർമാരായ പി എസ് സുജിത്, അനുഗ്രഹ്, സ്ട്രൈക്കർ സി എസ് ഫൽഹാൻ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ഉത്തരഖണ്ഡിൽ നിന്നുള്ള ക്യാപ്റ്റൻ പങ്കജ് റാണ, ശിവം നേഗി, സാഹിൽ സുവേന്ദ്ര സിംങ്ങ്, മേഘാലയിൽ നിന്നുള്ള ക്ലിങ്ങ്സോൺ, ദില്ലിയിൽ നിന്നുള്ള പ്രകാശ് ചൗധരി, കൊൽക്കത്തയിൽ നിന്നുള്ള ആന്‍റണി സാമുവൽ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. 8 ടീമുകളാണ് ടൂ‍ർണമെന്‍റിൽ പങ്കെടുക്കുന്നത്.  ഗ്രൂപ്പ് ഘട്ടത്തിൽ ചൈന, കൊറിയ, തായലന്‍റ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.

കൊച്ചി കടവന്ത്ര സ്റ്റേഡിയത്തിലെ പരിശീലന ക്യാമ്പിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ താരങ്ങൾക്ക് ആവേശമേകി. വൈകല്യങ്ങൾ മറന്ന് താരങ്ങൾ നടത്തുന്ന പ്രകടനത്തിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ജിങ്കൻ പറഞ്ഞു.

ഈ മാസം 30 മുതൽ ഒക്ടോബർ 6 വരെയാണ് ഏഷ്യൻ കപ്പ്. അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന പാരാ ഒളിമ്പിക്സിന് വേണ്ടിയുള്ള യോഗ്യത റൗണ്ട് കൂടിയാണ് ടൂർണമെന്‍റ്.