ഭാരക്കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരം അനുവദനീയമായതിനേക്കാൾ 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്‍റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായത് എന്ന സംശയമുന്നയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കായികപ്രേമികള്‍. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ ശക്തമായ പ്രതിഷേധം ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നു
ഭാരക്കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് പാരിസില്‍ വെള്ളി മെഡലിന് പോലും അര്‍ഹതയില്ല. അയോഗ്യയായതോടെ വിനേഷ് ഫോഗട്ട് അവസാന സ്ഥാനക്കാരിയാണ് പാരിസ് ഒളിംപിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ അടയാളപ്പെടുത്തുക. സെമിയില്‍ വിനേഷ് ഫോഗട്ട് തോല്‍പിച്ച ക്യൂബന്‍ താരം ഫൈനലിന് യോഗ്യത നേടി. ഫൈനലിന് മുമ്പ് ഭാരം നിയന്ത്രിക്കാൻ കഠിന വ്യായാമം ഫോഗട്ട് നടത്തിയെങ്കിലും ഫലം കാണാതെ വരികയായിരുന്നു. ഇതിനൊപ്പം ഭക്ഷണം, വെള്ളം എന്നിവ നിയന്ത്രിക്കുകയും താരം ചെയ്തതാണ്.
നേരത്തെ സെമിയിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിന് യോഗ്യത നേടിയിരുന്നത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നായിരുന്നു ഫോഗട്ടിന്‍റെ ത്രില്ലര്‍ ജയം. ഇതോടെയാണ് ഫോഗട്ടും ഇന്ത്യയും മെഡൽ ഉറപ്പിച്ചിരുന്നത്. എന്നാൽ കലാശപ്പോരിനായി കളത്തിലെത്തും മുമ്പേ വിനേഷ് ഫോഗട്ട് പുറത്തായി. ഫോഗട്ടിനെ ആശ്വസിപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
