രാജ്യത്തെ 400 സർവകലാശാലകളിൽനിന്നായി 4019 അത്‌ലറ്റുകളാണ് മൂഡബിദ്രിയിലെ ട്രാക്കിലും ഫീൽഡിലുമായി മാറ്റുരയ്‌ക്കുന്നത്
മംഗളൂരു: അന്തർ സർവകലാശാല അത്ലറ്റിക് വനിതകളുടെ 400 മിറ്റർ ഹെർഡിൽസിൽ മലയാളി താരം ട്രാക്കിൽ വീണു. നാലാം ട്രാക്കിൽ ഓടിയ കേരള യൂണിവേഴ്സിറ്റിയുടെ ശരണ്യ ഒ പി ആണ് ട്രാക്കിൽ തടഞ്ഞു വീണത്. ആറാം ഹെർഡിൽസ് മറികടക്കുന്നതിനിടെ ആണ് സംഭവം.
മൂന്നാം ട്രാക്കിൽ ഓടിയിരുന്ന എം ജി സർവകലാശാല യുടെ അഞ്ജലി ജോസിന്റ് മുൻപിലെക്കാണ് ശരണ്യ വീണത്. ഇതോടെ റണ്ണിങ് പിഴച്ച അഞ്ജലി ജോസിന് അഞ്ചാം സ്ഥാനത്തെ ഫിനിഷ് ചെയ്യാൻ ആയുള്ളൂ. പരിക്കേറ്റ ശരണ്യക്ക് മത്സരം പൂർത്തിയാക്കാൻ ആയില്ല. കാലിക്കറ്റ് സർവകലാശാലയുടെ എസ് അർഷിത ആറാം സ്ഥാനത്താണ്ണ് ഫിനിഷ് ചെയ്തത്. ജോൻപുർ സർവകലാശാലയുടെ പ്രീതിക്കാണ് ഒന്നാം സ്ഥാനം.
അതേസമയം മീറ്റിലെ വേഗതയേറിയ താരത്തെ ഇന്നറിയാം. പുരുഷ വനിതാ വിഭാഗങ്ങളിലെ നൂറു മീറ്റർ ഫൈനൽ മത്സരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് പുരുഷ വിഭാഗം ഫൈനൽ മത്സരം. എം.ജി സർവ്വകലാശാലയുടെ അതുൽ സേനനും ഓംകാർ നാഥും കേരളത്തിന്റെ മെഡൽ പ്രതീക്ഷകളാണ്. വൈകുന്നേരം അഞ്ചേ കാലിനാണ് വനിതാ വിഭാഗം ഫൈനൽ മത്സരം. എം.ജി യൂണിവേഴ്സിറ്റിയുടെ അക്ഷതയും സ്നേഹയും ട്രാക്കിലിറങ്ങും.
കൂടാതെ പുരുഷ വിഭാഗം ഹൈജംപ്, ഹാമ്മർ ത്രോ ഫൈനൽ മത്സരങ്ങളും വനിതാ വിഭാഗം ലോംഗ് ജംപ് ഡിസ്കസ് ത്രോ ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും. പുരുഷ വിഭാഗം 20 കിലോമീറ്റർ നടത്തം, പുരുഷ വനിതാ 400 മീറ്റർ ഹെർഡിൽസ് എന്നിവയിലും ഇന്ന് വിജയികളെ അറിയാം. കായിക മേളയുടെ ആദ്യ ദിവസമായ ഇന്നലെ കേരളത്തിലെ താരങ്ങൾക്ക് മെഡലൊന്നും നേടാനായിരുന്നില്ല.
രാജ്യത്തെ 400 സർവകലാശാലകളിൽനിന്നായി 4019 അത്‌ലറ്റുകളാണ് മൂഡബിദ്രിയിലെ ട്രാക്കിലും ഫീൽഡിലുമായി മാറ്റുരയ്‌ക്കുന്നത്. 2640 പുരുഷതാരങ്ങളും 1379 വനിത താരങ്ങളും കായികമാമാങ്കത്തിനെത്തിയിട്ടുണ്ട്.
തുടർച്ചയായി മൂന്നുവട്ടം ചാമ്പ്യൻമാരായ മംഗളൂരു സർവകലാശാലയും രണ്ടാം സ്ഥാനക്കാരായ എംജി യൂണിവേഴ്സിറ്റി, മൂന്നാം സ്ഥാനക്കാരായ കലിക്കറ്റ് സർവകലാശാലകൾ തമ്മിലാണ് പ്രധാനമായും മത്സരം. കഴിഞ്ഞ തവണ തവണ നഷ്ടമായ വനിതാ വിഭാഗം ഓവറോൾ കിരീടം തിരിച്ചു പിടിക്കലും എം ജി സർവ്വകലാശാലയുടെ ലക്ഷ്യമാണ്.
