Asianet News MalayalamAsianet News Malayalam

തോമസ് കപ്പിലെ മലയാളിത്തിളക്കങ്ങള്‍; പ്രണോയ്- അര്‍ജുന്‍ അഭിമുഖം

73 വര്‍ഷമായി നടക്കുന്ന തോമസ് കപ്പ് ടൂര്‍ണമെന്റിനെകുറിച്ച് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും വലിയ അറിവുണ്ടായിരുന്നില്ല, എന്നാല്‍ കിരീട നേട്ടത്തോടെ വിജയം രാജ്യത്തെ ഓരോരുത്തരുടെയും അഭിമാനമായി മാറിയിരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു.

interview with thomas cup winning malayali badminton players hs prannoy and arjun
Author
New Delhi, First Published May 22, 2022, 8:34 PM IST

1983 ല്‍ കപില്‍ ദേവിന്റെ  നേതൃത്ത്വത്തിലുള്ള ചെകുത്താന്‍മാര്‍ ക്രിക്കറ്റില്‍ ലോകവിജയം നേടിയതിനോടാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ തോമസ് കപ്പ് നേട്ടത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കിരീട നേട്ടത്തിന് ശേഷം രാജ്യത്തെത്തിയ ടീമംഗങ്ങള്‍ക്ക് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഓഫീസില്‍വച്ച് താരങ്ങളുമായും പരിശീലകരുമായും സംവദിച്ചു. 73 വര്‍ഷമായി നടക്കുന്ന തോമസ് കപ്പ് ടൂര്‍ണമെന്റിനെകുറിച്ച് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും വലിയ അറിവുണ്ടായിരുന്നില്ല, എന്നാല്‍ കിരീട നേട്ടത്തോടെ വിജയം രാജ്യത്തെ ഓരോരുത്തരുടെയും അഭിമാനമായി മാറിയിരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ ഈ നിര്‍ണായക വിജയത്തില്‍ രണ്ട് മലയാളിത്തിളക്കങ്ങളുണ്ടെന്നത് കേരളത്തിന് അഭിമാനമാണ്. എച്ച് എസ് പ്രണോയിയും എംആര്‍ അര്‍ജുനും. ഇരുവരും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസുമായി വിശേഷങ്ങള്‍ പങ്കുവച്ചു. 

ചോദ്യം: കിരീടം ഉറപ്പിച്ച നിമിഷത്തെ നിങ്ങളുടെ ആഘോഷ പ്രകടനത്തിലെ ഊര്‍ജം രാജ്യം കണ്ട് ഞെട്ടിയതാണ്. ആ ഉദ്വേഗം ഇപ്പോഴുമുണ്ടോ ? 

എച്ച് എസ് പ്രണോയ് - മാറിയിട്ടില്ല. ആ ഒരു സന്തോഷം പറഞ്ഞറിയിക്കാനാകില്ല. രാജ്യത്തെത്തിയപ്പോള്‍ ആ സന്തോഷം കൂടുകയാണുണ്ടായത്. അത്രയ്ക്ക് വലിയ നേട്ടം തന്നെയാണ് ഞങ്ങളുടേത്. ഇതുവരെ രാജ്യം ഈ കിരീടം നേടിയിട്ടില്ല. 

കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നോ ? 

എംആര്‍ അര്‍ജുന്‍: ഇവിടുന്ന് പോകുമ്പോഴേ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ സ്വര്‍ണ നേട്ടവുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സെമി ഫൈനലിലെത്തിയപ്പോഴാണ് മെഡല്‍ ഗോള്‍ഡാക്കണമെന്ന പ്രതീക്ഷ വന്നത്. ഒരു മെഡല്‍ നേട്ടമെങ്കിലും ഉണ്ടാകണമെന്ന സ്പിരിറ്റ് ഞങ്ങളില്‍ എല്ലാവരിലും ഉണ്ടായിരുന്നു. 

ഈ നേട്ടം രാജ്യത്ത് ഒരു ബാഡ്മിന്റണ്‍ തരംഗത്തിന് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ? 

എച്ച് എസ് പ്രണോയ്: തരംഗമാവട്ടെ എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. ഇതൊരു വേള്‍ഡ് കപ്പ് തന്നെയാണ്. ലോകത്തെ എല്ലാ കരുത്തരായ ടീമുകളും കളിക്കുന്ന കടുത്ത മത്സരമാണ്. നമ്മളിപ്പോള്‍ സംസാരിക്കുന്നത് 2022 ലാണ്. 2032 ആകുമ്പോഴേക്ക് ബാഡ്മിന്റണും രാജ്യത്ത്  ക്രിക്കറ്റ് പോലെതന്നെയാകട്ടെയെന്നാണ് ആഗ്രഹം. 

പ്രധാനമന്ത്രിയെ കണ്ടിട്ടാണ് നിങ്ങള്‍ വരുന്നത്. എന്താണ് രാജ്യം നല്‍കിയ സ്വീകരണത്തെ കുറിച്ച് പറയാനുള്ളത് ? 

എച്ച് എസ് പ്രണോയ്: വളരെ വ്യത്യസ്തമായ അനുഭവമാണ്. ഞാനിതുവരെ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. കാണുന്നതിനുള്ള കാത്തിരിപ്പൊക്കെ വലിയ ടെന്‍ഷനായിരുന്നു. 

എംആര്‍ അര്‍ജുന്‍: ആദ്യം കാണുമ്പോള്‍ വലിയ അങ്കലാപ്പായിരുന്നു. പക്ഷേ ഞങ്ങളോട് വന്ന് വളരെ സൗഹൃദത്തോടെ പെരുമാറി. 

പ്രധാനമന്ത്രി എന്ത് പറഞ്ഞു ? 

എംആര്‍ അര്‍ജുന്‍: ഞങ്ങളോട് അനുഭവങ്ങളൊക്കെ ചോദിച്ചറിഞ്ഞു. എല്ലാവരോടും സംസാരിച്ചു. അദ്ദേഹം പറയുന്നതൊക്കെ കേട്ടിരുന്നു. മണിക്കൂറുകള്‍ പോയതറിഞ്ഞില്ല. 

എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍ ? 

എച്ച് എസ് പ്രണോയ്: ഒരുപാട് പ്ലാനുകളുണ്ട്. പ്രധാനമായും നോക്കുന്നത് ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തന്നെയാണ്. അതാണ് പ്രധാനമത്സരം. അതിനിടെ കുറേ സൂപ്പര്‍ സീരീസ് ഇവന്റ്‌സുണ്ട്. ഏഷ്യന്‍ ഗെയിംസ് മാറ്റി വച്ചതിനാലും ടീം മത്സരങ്ങളൊന്നുമില്ല. വളരെയധികം പ്രതീക്ഷയുള്ള മത്സരമായിരുന്നു. ഇതേ ടീമാണ് കളിക്കേണ്ടിയിരുന്നത്. പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. 

മാധ്യമങ്ങളോട് എന്താണ് പറയാനുള്ളത് ? 

ഒത്തിരി നന്ദിയുണ്ട്, എന്റെ കരിയറില്‍ ഏതൊരു മത്സരം വരുമ്പോഴും ഏറ്റവും പ്രോത്സാഹനം നല്‍കിയ മാധ്യമമാണ് ഏഷ്യാനെറ്റ് ന്യൂസ്. എല്ലാവരോടും നന്ദിയുണ്ട്. 

കേന്ദ്രം നിങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നറിയിച്ചു. കേരളത്തിലേക്ക് പോകുമ്പോള്‍ എന്താണ് പ്രതീക്ഷ. പാരിതോഷിക പ്രഖ്യാപനത്തിനുമപ്പുറം എന്ത് തരം പിന്തുണയാണ് പ്രതീക്ഷിക്കുന്നത് ? 

എച്ച് എസ് പ്രണോയ്: ആരോടും അഭ്യര്‍ത്ഥനകളൊന്നുമില്ല. ബാഡ്മിന്റണ് നാട്ടില്‍ നല്ല പ്രചാരണം കിട്ടിക്കൊണ്ടിരിക്കുകയാണ്. ഒത്തിരി പ്രഗല്‍ഭരായ കളിക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരെയൊക്കെ പ്രോത്സാഹിപ്പിക്കാന്‍ നല്ലൊരു സിസ്റ്റം കൊണ്ടുവന്നേ മതിയാകൂ. കേരളത്തില്‍നിന്ന് രണ്ട് പേര്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്, പത്ത് വര്‍ഷം മുന്‍പേ എട്ട് പേരുണ്ടായിരുന്നു കേരളത്തില്‍നിന്ന്. അടുത്ത വലിയൊരു മത്സരം വരുമ്പോള്‍ 5 മലയാളികളെങ്കിലും ഇന്ത്യന്‍ ടീമില്‍ വേണം. അതിന് ഇപ്പോഴേ നമ്മള്‍ ശ്രമിച്ച് തുടങ്ങണം. 

എംആര്‍ അര്‍ജുന്‍: ഇത്ര വലിയ നേട്ടം കൈവരിച്ച് വരുമ്പോള്‍ അത് നാടും ആരാധകരുമൊക്കെ തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്. ഒരു ഗെയിമെന്ന നിലയില്‍ അത് പ്രധാന്യമുള്ളതാണ്.

അവസാന ചോദ്യം പ്രണോയിയോടാണ്. ഏറ്റവും എനര്‍ജെറ്റിക് പ്ലെയറായിട്ടാണ് സമൂഹമാധ്യമങ്ങളിടക്കം പ്രണോയിയെ വിലയിരുത്തുന്നത്. എന്താണ് അതിന്റെ രഹസ്യം ? 

എച്ച് എസ് പ്രണോയ്: എനര്‍ജി ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഈ എനര്‍ജിയാണ് ടീമിലേക്കും ഞാന്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഈ ഇവന്റ് കണ്ടപ്പോഴാണ് എനര്‍ജിയുടെ പ്രധാന്യം ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. എനര്‍ജികൊണ്ട് മാത്രമാണ് ഞങ്ങള്‍ സ്വര്‍ണം നേടിയത്. എല്ലാ ടീമുകളും കരുത്തരായിരുന്നു. ഈയൊരു എനര്‍ജിയാണ് കളിക്കാനും ജയിക്കാനുമാണ് വന്നതെന്ന ബോധ്യം തരുന്നത്. 

എംആര്‍ അര്‍ജുന്‍: ഇന്തോനേഷ്യ പതിനഞ്ചാമത് ഫൈനലാണ് നമ്മള്‍ക്കെതിരെ കളിച്ചത്. ഞങ്ങളുടെ മനസില്‍ രാജ്യത്തിന് വേണ്ടി എങ്ങനെയെങ്കിലും ജയിക്കണമെന്ന് മാത്രമായിരുന്നു. ടീം സ്പിരിറ്റായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പോസിറ്റീവ് സൈഡ്. അതാണ് കപ്പിലേക്കടുപ്പിച്ചതെന്ന കാര്യമെന്നതിന് സംശയമില്ല. 

അഭിമുഖത്തിന് ശേഷം തൊട്ടുപിന്നില്‍ കാത്തിരിക്കുന്ന ഒഫീഷ്യല്‍സിനടുത്തേക്ക് ഇരുവരും ഓടുകയായിരുന്നു. ലോകചാംപ്യന്‍മാര്‍ നാട്ടിലും തിരക്കുകളില്‍നിന്നും തിരക്കുകളിലേക്ക്.
 

Follow Us:
Download App:
  • android
  • ios