ദില്ലി: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചു. റൈഫിള്‍, പിസ്റ്റള്‍, ഹാന്‍ഡ് ഗണ്‍ വിഭാഗങ്ങളില്‍ മാര്‍ച്ച് 15നാണ് ലോകകപ്പ് തുടങ്ങേണ്ടിയിരുന്നത്. ജപ്പാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ലോകകപ്പ് മാറ്റിവെക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍(ഐഎസ്എസ്എഫ്) വ്യക്തമാക്കി.

ലോകകപ്പ് രണ്ട് ഘട്ടമായി നടത്തുമെന്നും ഐഎസ്എസ്എഫ് വ്യക്തമാക്കി. മെയ് ആദ്യവാരം റൈഫിള്‍, പിസ്റ്റള്‍ വിഭാഗത്തിലും ജൂണ്‍ ആദ്യവാരം ഷോട്ട് ഗണ്‍ വിഭാഗത്തിലും മത്സരങ്ങള്‍ നടത്താനാണ് ഐഎസ്എസ്എഫ് തീരുമാനം. ഏപ്രില്‍ 16ന് ആരംഭിക്കേണ്ട ഒളിംപിക്സ് ടെസ്റ്റ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ലോകകപ്പിലെ റാങ്കിംഗ് പോയന്റ് ഒളിംപിക്സ് യോഗ്യതക്ക് നിര്‍മായകമാണ്.

നേരത്തെ കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഷോട്ട്ഗൺ ലോകകപ്പിൽ നിന്ന്  ഇന്ത്യൻ ഷൂട്ടിംഗ്  ടീം പിന്മായിരുന്നു. മാർച്ച്‌ നാലു മുതൽ 13 വരെ സൈപ്രസിലെ നിക്കോഷ്യയില്‍വെച്ചാണ് ഷോട്ട്ഗൺ ലോകകപ്പ് ആരംഭിക്കുന്നത്.