പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍ ഇഗ സ്വിയടെക്കിനെ നേരിടും. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയെ തോല്‍പ്പിച്ചാണ് കെനിന്‍ ഫൈനലില്‍ കടന്നത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേത്രിയാണ് കെനിന്‍. അര്‍ജന്റീനയുടെ നദിയ പൊഡൊറോസ്‌കയെ മറികടന്നാണ് ഇഗ ഫൈനലില്‍ കടന്നത്. 

പൊഡൊറോസ്‌കയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ഇഗയുടെ ജയം. സ്‌കോര്‍ 6-2, 6-1. ആദ്യമായിട്ടാണ് 19കാരി ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നതാണ് വലിയ നേട്ടം. കെനിന്‍ 6-4, 7-5ന് ക്വിറ്റോവയെ മറികടന്നു.

പുരുഷ സെമി ഫൈനല്‍ ഇന്ന് നടക്കും. നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷോര്‍ട്‌സ്മാനെ നേരിടും. തുടര്‍ച്ചയായ നാലാം കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്. കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാകാകിയ റോജര്‍ ഫെഡറര്‍ക്കൊപ്പമെത്താന്‍ നദാലിന് സാധിക്കും. 20 കിരീടങ്ങളാണ് ഫെഡററുടെ അക്കൗണ്ടിലുള്ളത്.  മറ്റൊരു മത്സരത്തില്‍ നൊവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെതിരെ മത്സരിക്കും.