Asianet News MalayalamAsianet News Malayalam

മിലാൻ വരും, കേരളത്തിലെ പെൺകുട്ടികളെ പഠിപ്പിക്കാൻ! കായിക മേഖലക്ക് പുത്തൻ ഊര്‍ജ്ജം നൽകി അന്താരാഷ്ട്ര ഉച്ചകോടി

രാജ്യത്തും വിദേശത്തുമുള്ള വിദഗ്ധരും അക്കാദമികളും താരങ്ങളും ഉച്ചകോടിയുടെ ഭാഗമായി

Kerala first international sports summit kerala 2024 latets news asd
Author
First Published Jan 26, 2024, 11:37 PM IST

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് നാല് ദിവസമായി സംഘടിപ്പിച്ച രാജ്യാന്തര സ്‌പോട്‌സ് സമ്മിറ്റ് കേരളത്തിന്റെയും രാജ്യത്തിന്റെയും കായിക മേഖലയ്ക്ക് കുതിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കികൊണ്ട് സമാപിച്ചു. രാജ്യത്തും വിദേശത്തുമുള്ള വിദഗ്ധരും അക്കാദമികളും താരങ്ങളും ഉച്ചകോടിയുടെ ഭാഗമായി. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നതും അത് വലിയ വിജയമായി മാറുന്നതും. അതുകൊണ്ട് എല്ലാ കൊല്ലവും ഉച്ചകോടി നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. പകരം ഇത്തവണത്തെ ഉച്ചകോടിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങളും സമര്‍പ്പിച്ച പദ്ധതികളും നിക്ഷേപമുള്ള പ്രോജക്ടുകളും യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.

19 പദ്ധതികൾ, 4500 കോടിയുടെ നിക്ഷേപം! കേരളത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഐഎസ്എസ്കെ, ക്രിക്കറ്റിന് 1200 കോടി

അസോസിയേഷനുകള്‍ തമ്മിലടി അവസാനിപ്പിക്കണം: മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്തെ വിവിധ കായിക അസോസിയേഷനുകള്‍ക്കുള്ളിലുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അസോസിയേഷനുകള്‍ പിടിച്ചെടുക്കുന്നതിന് വലിയ മത്സരമാണ് നടക്കുന്നതെന്നും ഈ പ്രവണത ശരിയല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അക്കാദമീസ് ആന്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികതാരങ്ങള്‍ക്കോ പരിശീലകര്‍ക്കോ അക്കാദമികളില്‍ അഭിപ്രായം പറയാന്‍ പോലും അവകാശമില്ലാത്ത സ്ഥിതിയുണ്ട്. സാമ്പത്തികശേഷിയുള്ളവര്‍ അക്കാദമികള്‍ വിലയ്ക്ക് വാങ്ങുന്നു. സാധാരണക്കാരന് അവിടങ്ങളില്‍ പ്രവേശനം കിട്ടില്ല. ഇത് ഗൗരവമായി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ക്ക് അക്കാദമിയുമായി എ.സി മിലാന്‍

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബെര്‍ട്ടോ ലെക്കാന്‍ഡേല അറിയിച്ചു. 2022ലാണ് എ.സി മിലാന്‍ സംസ്ഥാനത്ത് അക്കാദമി ആരംഭിച്ചത്.  കോഴിക്കോട് അഞ്ചും മലപ്പുറത്ത് മൂന്നും എറണാകുളത്ത് നാലും കേന്ദ്രങ്ങള്‍ നിലവിലുണ്ട്. മൊത്തം 600 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കെ.എഫ്.എ യൂത്ത് ലീഗില്‍ ഇവിടങ്ങളിലെ കുട്ടികള്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ ബാംഗ്ലൂരിലും ടൂര്‍ണമെന്റിന് പോയി. കേരളത്തില്‍ നിന്നുള്ള കുട്ടികളെ ഇറ്റലിയിലും പരിശീലനത്തിന് കൊണ്ടുപോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പരിശീലനവുമായി നോവ

സ്‌കൂള്‍കുട്ടികള്‍ക്ക് പ്രാദേശികമായി പരിശീലനം നല്‍കുകയും അവരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും നോവ അക്കാദമി അറിയിച്ചു.  ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയവും ടര്‍ഫും ഉള്ള റസിഡന്‍ഷ്യല്‍ അക്കാദമി ആരംഭിക്കും. സ്‌പോട്‌സ് കോംപ്ലക്‌സ്, പരിശീലകര്‍ക്കുള്ള പരിശീലനകേന്ദ്രം, ഫുട്‌ബോള്‍ ക്ലബ് എന്നിവ അടങ്ങിയ അക്കാദമി മലപ്പുറത്ത് തുടങ്ങും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു.ഷറഫലിയുടെ സ്വപ്‌നപദ്ധതിയാണിത്.

കായിക രംഗത്തെ നിക്ഷേപം രാജ്യത്തിന് വേണ്ടിയുള്ളതാണ് : മന്ത്രി ചിഞ്ചുറാണി

ഓട്ടവും ചാട്ടവും മാത്രമല്ല ജീവിതത്തില്‍ പാലിക്കേണ്ട മൂല്യവും കൂടി പരിശീലകര്‍ കുട്ടികളെ ഓര്‍മിപ്പിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചൂണ്ടിക്കാട്ടി. ട്രെയിന്‍ ദ ട്രെയിനേഴ്‌സ് എന്ന സെമിനാറില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രനിര്‍മാണ പ്രക്രീയയാണ് പരിശീലകര്‍ ചെയ്യുന്നത്. കായിക രംഗത്തെ നിക്ഷേപം രാജ്യത്തിന് വേണ്ടിയുള്ള നിക്ഷേപമാണെന്നും ചൂണ്ടിക്കാട്ടി. കളിക്കിടെ പരിക്ക് പറ്റി കളം ഉപേക്ഷിക്കേണ്ടിവന്ന റയല്‍ മാഡ്രിഡ് മുന്‍ താരം മിഗേല്‍ ഗോണ്‍സാല്‍വസ് ലാര്‍സണ്‍ പുതിയ പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനായി ഫുട്‌ബോള്‍ അക്കാദമി തുടങ്ങുകയായിരുന്നു. സുഹൃത്ത് അലക്‌സാണ്ട്രോ ഡിയാസ് ഡി സോസയുമായി ചേര്‍ന്ന് സ്വീഡനില്‍ എം.ജി.എല്‍ അക്കാദമി ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ഓരോ ചുവടായി ഫുട്‌ബോള്‍ പരിശീലനം നല്‍കുകയാണ് തങ്ങളെന്നും ഇവരെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അലക്‌സാണ്ട്രോ വ്യക്തമാക്കി.

കുട്ടികള്‍ക്കുള്ള പരിശീലനം വലിയ പ്രശ്‌നം: ടി.പി ഔസേപ്പ്

കുട്ടികള്‍ക്കുള്ള പരിശീലനം പലരീതിയിലും വലിയ പ്രശ്‌നമാണെന്ന് മുന്‍ ദേശീയ കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ടി.പി ഔസേപ്പ് ചൂണ്ടിക്കാട്ടി. അക്കാദമികളും പരിശീലന കേന്ദ്രങ്ങളും കുട്ടികളുടെ വീട്ടില്‍ നിന്ന് ഏറെ അകലെയായിരിക്കും. അവിടുത്തെ കാലാവസ്ഥ കുട്ടികള്‍ക്ക് ഇണക്കിയെന്ന് വരില്ല. പഠനത്തെ ബാധിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ദൂരസ്ഥലങ്ങളിലേക്ക് വിടാന്‍ വിമുഖത കാട്ടും. ദേശീയതലത്തില്‍ മെഡലെങ്കിലും കരസ്ഥമാക്കിയില്ലെങ്കില്‍ കായിക താരങ്ങളുടെ ജീവിതം ദുരുതമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമീസ് ആന്‍ഡ് ഹൈ പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios