Asianet News MalayalamAsianet News Malayalam

Kerala Games 2022 : കായിക മാമാങ്കത്തിന് സംസ്ഥാനം; പ്രഥമ കേരള ഗെയിംസ് മെയ് 1 മുതല്‍

ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും

Kerala Games 2022 dates venue events guests complete details revealed
Author
Thiruvananthapuram, First Published Apr 27, 2022, 2:53 PM IST

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്‍റെ വിശദ വിവരങ്ങള്‍ പുറത്ത്. 2022 മെയ് ഒന്നു മുതല്‍ 10 വരെയാണ് കായിക മേള നടക്കുക. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ഗെയിംസിന്‍റെ ഭാഗമായി നല്‍കും. ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

ആവേശം വിതറാന്‍ ഒളിമ്പിക് താരങ്ങള്‍

ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകും. ഉദ്ഘാടന ചടങ്ങിനൊപ്പം, ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ രവി ദെഹ്യ, ബജ്റംഗ് പുനിയ, ലോവ്ലിന ബൊര്‍ഗോഹൈന്‍, പി.ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കി ആദരിക്കും. 

24 മത്സര ഇനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐ.ആര്‍.സി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

ദേശീയ ഫെഡറേഷനുകളുടേയും സംസ്ഥാന അസോസിയേഷനുകളുടേയും നിയമങ്ങള്‍ അനുസരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാറും സെക്രട്ടറി ജനറല്‍ എസ്. രാജീവും വ്യക്തമാക്കി. കേരളത്തിലെ കായിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്നും ദേശീയ ശ്രദ്ധ നേടുന്ന കായിക പ്രകടനങ്ങള്‍ കേരള ഗെയിംസ് 2022ല്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കേരള ഗെയിംസ് 2022ലൂടെ പുതിയ കായിക സംസ്‌കാരത്തിനും ജില്ലാ തലം മുതല്‍ ദേശീയ തലം വരെയുള്ള കായിക പ്രോട്ടോക്കോളിനും രൂപം നല്‍കുക എന്നതും ലക്ഷ്യമിടുന്നു. 

മാരത്തണ്‍ വിജയികള്‍ക്ക് റെക്കോർഡ് തുക

മത്സരങ്ങളുടെ ഭാഗമായി 2022 മെയ് ഒന്നിന് 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണും, 10 കിലോമീറ്റര്‍ ഓട്ട മത്സരവും, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ മത്സരവും സംഘടിപ്പിക്കും. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകെ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 

കേരള ഗെയിംസിന്റെ ഭാഗമായുള്ള കായിക ഫോട്ടോ എക്‌സിബിഷന്‍ ഏപ്രില്‍ 30ന് ആരംഭിക്കും. വെള്ളയമ്പലം എന്‍ജിനിയേഴ്‌സ് ഹാളില്‍ മെയ് പത്ത് വരെയാണ് എക്‌സിബിഷന്‍. ഒളിമ്പിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 

ഇതിനോടൊപ്പം നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തില്‍ കേരള ഗെയിംസ് എക്‌സ്‌പോയും സംഘടിപ്പിക്കും. ഏപ്രില്‍ 29ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, മുഹമ്മദ് ഹനീഷ് ഐഎഎസ് എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് നരേഷ് അയ്യര്‍ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. എക്‌സ്‌പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുഷ്പ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

കായികമാമാങ്കത്തിനൊപ്പം കലാമാമാങ്കവും

മെയ് 1- റാപ്പര്‍ അറിവ് നയിക്കുന്ന അംബസാ ബാന്‍ഡിന്റെ പ്രകടനം

മെയ് 2- ബിനു അടിമാലിയും അരുണ്‍ ഗിന്നസും നയിക്കുന്ന കോമഡി സ്‌കിറ്റും ഗാനമേളയും 

മെയ് 3- പ്രസീത ചാലക്കുടിയും സംഘവും ഒരുക്കുന്ന നാടന്‍ പാട്ട്

മെയ് 4- റഷ്യന്‍ സംഘത്തിന്റെ ബെല്ലി ഡാന്‍സ് 

മെയ് 5- ആല്‍മരം ബാന്‍ഡിന്റെ സംഗീതനിശ 

മെയ് 6- അനിതാ ഷെയ്ക്കിന്റെ സംഗീത വിരുന്ന് 

മെയ് 7- ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ 

മെയ് 8- ഫാഷന്‍ ഷോ, ഡി.ജെ നോയ്‌സ് നൈറ്റ് 

മെയ് 9- ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത വിരുന്ന്

കേരള ഗെയിംസിന്റെയും എക്സ്പോയുടെയും സമാപന ചടങ്ങ് 2022 മെയ് 10ന് വൈകുന്നേരം 6.00 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ശശി തരൂര്‍ എംപി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ചാരു ഹരിഹരന്റെ മ്യൂസിക്കല്‍ ഷോ അരങ്ങേറും. 

Follow Us:
Download App:
  • android
  • ios