കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായ സൂര്യജിത്ത് ആര്‍ കെയുടെ കരുത്ത് അച്ഛനും അമ്മയുമാണ്. സൂര്യജിത്ത് മത്സരിക്കുന്ന എല്ലാ വേദികളിലും ഇരുവരുമുണ്ടാകും. സംസ്ഥാന മീറ്റ് വരെ എത്തിയിട്ടും എങ്ങുമെത്താതെപോയ ആ അച്ഛന്റെ വാശികൂടിയുണ്ട് സൂര്യജിത്തിന്റെ ഓരോ മെഡലിലും. 

സീനിയർ ആൺകുട്ടികളുടെ 100 മീറ്റര്‍ ഫൈനല്‍ ട്രാക്കില്‍ തീപാറിക്കുമ്പോള്‍ വേലിക്കപ്പുറത്ത് നിലക്കാത്ത കയ്യടികളുമായി സൂര്യജിത്തിന്റെ അച്ഛൻ രമേശനും അമ്മ സുമതിയും ആവേശത്തോടെ നില്‍പ്പുണ്ടായിരുന്നു. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ വമ്പന്‍ പോരാട്ടത്തില്‍ പാലക്കാട് ബിഇഎം എച്ച്എസ്‌എസിലെ സൂര്യജിത്ത് വേഗരാജാവായി. അച്ഛന്റെയും അമ്മയുടേയും വർഷങ്ങൾ പഴക്കമുള്ള വാശിയുടെ വിജയം കൂടിയാണിത്. 

പത്തനംതിട്ടയിൽ 1986ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാട് ബിഇഎം എച്ച്എസ്‌എസില്‍ നിന്ന് പങ്കെടുത്തിരുന്നു രമേശൻ. തങ്ങളുടെ അവസ്ഥ മക്കൾക്കുണ്ടാകരുതെന്ന് രമേശനും സുമതിയും ഉറപ്പിച്ചു. 2016ൽ കോഴിക്കോട് നടന്ന സംസ്ഥാന മീറ്റില്‍ സൂര്യജിത്ത് ആദ്യമായി മത്സരിച്ചു. അന്ന് മുതൽ ഓരോ വേദികളിലും സൂര്യജിത്തിന് ഊര്‍ജമായി ഇരുവരുമെത്തും. അങ്ങനെ തങ്ങളുടെ സ്വപ്‌നങ്ങള്‍ മകനിലൂടെ അവര്‍ പൂര്‍ത്തിയാക്കുകയാണവര്‍.