Asianet News MalayalamAsianet News Malayalam

ശ്രീജേഷ് കൊച്ചിയിലെത്തി, അഭിമാനതാരത്തെ വരവേറ്റ് കേരളം

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Keralas Pride PR Sreejesh reaches Kochi
Author
Kochi, First Published Aug 10, 2021, 6:00 PM IST

കൊച്ചി: നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് കൊച്ചി വിമാനത്താവളത്തിലെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാൻ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്.

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ഹോക്കിയില്‍ രാജ്യത്തിന്‍റെ അഭിമാനമായ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തിയത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ തങ്ങളുടെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒളിംപി‌ക്‌സിലെ വെങ്കല മെഡൽ നേട്ടം കേരളത്തിൽ ഹോക്കിക്ക് ഉണർവേകും. സ്‌കൂളുകളിൽ ഹോക്കിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒളിംപിക്‌സ് ഹോക്കിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം.

ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു മലയാളി താരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios