Asianet News MalayalamAsianet News Malayalam

ശ്രീകാന്തിന് ഖേല്‍രത്ന ശുപാര്‍ശ; പ്രണോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ ഇന്ത്യക്കായി കളിക്കാനിറങ്ങാതെ ശ്രീകാന്തും പ്രണോയിയും ബാഴ്സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയിരുന്നു. ഇതോടെ സെമിയില്‍ തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.

Khel Ratna nomination for Kidambi Srikanth while  show-cause notice for Prannoy
Author
Mumbai, First Published Jun 19, 2020, 8:27 PM IST

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് കിഡംബി ശ്രീകാന്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസിയേഷ്ന്‍(ബായ്). അതേസമയം, അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാത്തതിന് ഫെഡറേഷനെ പരസ്യമായി വിമര്‍ശിച്ച മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ബായ് വ്യക്തമാക്കി.

ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ ഇന്ത്യക്കായി കളിക്കാനിറങ്ങാതെ ശ്രീകാന്തും പ്രണോയിയും ബാഴ്സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയിരുന്നു. ഇതോടെ സെമിയില്‍ തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.

അനുമതിയില്ലാതെ ടൂര്‍ണമെന്റിനിടക്ക് മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനായി പോയതിന് ലോക റാങ്കിംഗില്‍ പതിനാലാം റാങ്കുകാരനായ ശ്രീകാന്തിനോടും 28-ാം റാങ്കുകാരനായ പ്രണോയിയോടും ഫെഡറേഷന്‍ വിശദീകരണം തേടി. ശ്രീകാന്ത് ഇമെയില്‍ വഴി വിശദീകരണം നല്‍കിയെന്നും തന്റെ ഭാഗത്തുണ്ടായ പിഴവാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയെന്നും ബായ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് പ്രതിഭയും പ്രകടനവും കണക്കിലെടുത്ത് ശ്രീകാന്തിനെ ഖേല്‍രത്നക്ക് ഫെഡറേഷന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ബായ് ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയ പറഞ്ഞു.

ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരമായ സമീര്‍ വര്‍മ എന്നിവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജ്ജുന അവാര്‍ഡിനായി ഇത്തവണ നാമനിര്‍ദേശം ചെയ്തത്. ഇതിന് പിന്നാലെ #thiscountryisajoke എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തിയിരുന്നു.

എല്ലാം പഴയ കഥ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തില്ല, പക്ഷെ ഈ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്തവരെ ശുപാര്‍ശ ചെയ്യുകയും ചെയ്തു എന്നായിരുന്നു പ്രണോയിയുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് അസോസിയേഷന്‍ അര്‍ജ്ജുനക്കായി നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇതിനെതിരെയും പ്രണോയ് പരസ്യമായി രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios