ഇഞ്ചോണ്‍: കൊറിയ ഓപ്പൺ ബാഡ്‌മിന്‍റണിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി കശ്യപ് ഇന്നിറങ്ങും. സെമിയില്‍ ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോട്ടയാണ് കശ്യപിന്‍റെ എതിരാളി. മൊമോട്ട ഇതിന് മുൻപ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും കശ്യപിനെ തോൽപിച്ചിരുന്നു. 

ഡെൻമാർക്ക് താരം യാൻ ജോർജെൻസണെ നേരിട്ടുള്ള ഗെയ്‌മുകൾക്ക് തോൽപിച്ചാണ് കശ്യപിന്‍റെ മുന്നേറ്റം. വെറും മുപ്പത്തിയേഴ് മിനിറ്റുകൊണ്ടായിരുന്നു കശ്യപിന്‍റെ ജയം. ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടമായപ്പോള്‍ രണ്ടാം ഗെയിം പൂര്‍ണ മേധാവിത്വത്തോടെ കശ്യപ് കൈക്കലാക്കി. സ്‌കോര്‍: 24-22, 21-8. 

കൊറിയ ഓപ്പണില്‍ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയാണ് പി കശ്യപ്. ലോക ചാമ്പ്യന്‍ പി വി സിന്ധു, സൈന നെഹ്‌വാള്‍, ബി സായ് പ്രണീത് തുടങ്ങിയവര്‍ നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.