സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 56 മിനുറ്റ് നീണ്ട മൂന്ന് ഗെയിം ത്രില്ലറില്‍ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ 21-17, 11-21, 21-12 സ്‌കോറില്‍ തോല്‍പിച്ചാണ് കശ്യപിന്‍റെ മുന്നേറ്റം. 

കശ്യപ് ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായാണ് ലോക ജേതാവ് പി വി സിന്ധു പുറത്തായത്. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ തോല്‍വി, സ്‌കോര്‍ 21-7, 22-24, 15-21. 

ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നിനെതിരായ മത്സരത്തില്‍ പരുക്കേറ്റാണ് സൈന നെഹ്‌വാള്‍ പിന്‍മാറിയത്. ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സൈന രണ്ടാം ഗെയിം 18-21ന് കൈവിട്ടെങ്കിലും മൂന്നാം ഗെയിമിനിടെ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. പുരുഷ താരങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ബി സായ് പ്രണീതും മത്സരം പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്.