ഇഞ്ചോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്‍റെ ജോര്‍ജെന്‍സെനെ തോല്‍പിച്ച് ഇന്ത്യയുടെ പി കശ്യപ് സെമിയില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു മുന്‍ ലോക രണ്ടാം നമ്പര്‍ താരത്തിനെതിരെ കശ്യപിന്‍റെ മുന്നേറ്റം. സ്‌കോര്‍ 24-22, 21-8.

മുപ്പത്തിയേഴ് മിനുറ്റാണ് കശ്യപ്- ജോര്‍ജെന്‍സെന്‍ പോരാട്ടം നീണ്ടുനിന്നത്. ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കിയ കശ്യപിന് അനായാസമായിരുന്നു രണ്ടാം ഗെയിമിലെ ജയം. ലോക ഒന്നാം നമ്പറും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്‍റെ കെന്‍റോ മൊമോട്ടോയാണ് സെമിയില്‍ മുപ്പത്തിമൂന്നുകാരനായ കശ്യപിന്‍റെ എതിരാളി. 

നേരത്തെ 56 മിനുറ്റ് നീണ്ട മൂന്ന് ഗെയിം ത്രില്ലറില്‍ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ 21-17, 11-21, 21-12 സ്‌കോറില്‍ തോല്‍പിച്ചാണ് കശ്യപ് ക്വാര്‍ട്ടറിലെത്തിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയാണ് കശ്യപ്. പി വി സിന്ധു, സൈന നെഹ്‌വാള്‍, ബി സായ് പ്രണീത് എന്നിവര്‍ നേരത്തെ പുറത്തായിരുന്നു.