ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മറക്കാന്‍ സാധിക്കാത്ത താരങ്ങളാണ് എംഎസ് ധോണിയും യുവരാജ് സിംഗും. എതിരാളികളെ ബാറ്റുകൊണ്ട് വട്ടം കറക്കിയവര്‍. എതിര്‍ ടീമുകള്‍ക്ക് തലവേദനകള്‍ സൃഷ്ടിച്ചു കൊണ്ട് ഇരുവരും ഇന്ത്യന്‍ ടീമിനു വേണ്ടി വലിയ വിജയങ്ങളാണ് സ്വന്തമാക്കിയത്. ധോണി ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സജീവമാണെങ്കിലും യുവരാജ് കഴിഞ്ഞ ദിവസം വിരമിച്ചു. 

എന്നാല്‍ ഏറെ നാളുകളായി ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. നേരത്തെ ധോണിക്കെതിരെ യുവരാജ് സിംഗും അദ്ദേഹത്തിന്‍റെ പിതാവ് യോഗ് രാജ് സിംഗും രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിരവധി താരങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ അടക്കം യുവരാജിന് ഭാവി ജീവിതത്തിന് ആശംസകളുമായും താരത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ചെത്തിയത്.   

എന്നാല്‍ വിരമിക്കലിന്‍റെ സമയത്തോ അതിന് ശേഷമോ യുവരാജ് ധോണിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള കെആര്‍കെയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. "യുവരാജ് സിംഗ് വിരമിക്കല്‍ സമയത്ത് ധോണിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ധോണിയും യുവരാജിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതായത്. ഇരുവരുടേയും ശത്രുത ആഴമേറിയതും പഴക്കമുള്ളതും ഇപ്പോഴും നില നില്‍ക്കുന്നതുമാണ്' എന്നാണ് കെ ആര്‍കെ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി നേരത്തെയും ശ്രദ്ധ നേടിയ ആളാണ് കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍ കെ. അദ്ദേഹത്തിനെതിരെ നേരത്തെ ആമീര്‍ഖാന്‍ അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.