ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള ലോറസ് പുരസ്‌കാരം ബര്‍ലിനിൽ ഇന്ന് രാത്രി പ്രഖ്യാപിക്കും. 20 വര്‍ഷത്തിനിടയിലെ മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള പുരസ്‌കാരത്തിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കറും മത്സരിക്കുന്നുണ്ട്. 

ലോറസ് പുരസ്‌കാരത്തിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദശകത്തിലെ മികച്ച കായികമുഹൂര്‍ത്തത്തിന് നൽകുന്ന പുരസ്‌കാരത്തിനാണ് സച്ചിന്‍ ടെന്‍ഡുൽക്കര്‍ അടക്കം അഞ്ച് പേരെ പരിഗണിക്കുന്നത്. 2011ലെ ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തെ വലംവയ്‌ക്കുന്നതാണ് ക്രിക്കറ്റ് ഇതിഹാസത്തെ ചുരുക്കപ്പട്ടികയിലെത്തിച്ചത്. ഓൺലൈന്‍ വോട്ടെടുപ്പിൽ സച്ചിനെ പിന്തുണയ്‌ക്കണമെന്ന് വിരാട് കോലി അടക്കം പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

Read more: സച്ചിനായി വോട്ട് ചെയ്യൂ; ആരാധകരോട് അഭ്യര്‍ഥനയുമായി കോലി

ഫോര്‍മുല വൺ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ കിരീടനേട്ടത്തിന്‍റെ പതിനഞ്ചാം വാര്‍ഷികത്തില്‍ ജര്‍മനിയിലെ ട്രാക്കിലൂടെ കാറോടിച്ച മകന്‍ മിക്ക്, ബ്രസീലിയന്‍ ക്ലബ്ബ് ഫുട്ബോള്‍ ടീമിലെ 19 സഹതാരങ്ങളെ നഷ്ടമായ വിമാനാപകടത്തെ അതിജീവിച്ചതിന്‍റെ 54-ാം നാള്‍ സൗഹൃദമത്സരം കളിക്കാനിറങ്ങിയ മൂന്ന് ഷപ്പാകോയെന്‍സ് താരങ്ങള്‍ എന്നിവരും പരിഗണനാപ്പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷതാരമാകാന്‍ എല്യൂഡ് കിപ്ചോഗെ, ലൂയിസ് ഹാമിൽട്ടൺ, ലിയോണല്‍ മെസി, മാര്‍ക് മാര്‍ക്വെസ്, റാഫേല്‍ നദാല്‍, ടൈഗര്‍ വുഡ്‌സ് എന്നിവര്‍ മത്സരിക്കും. മേഗന്‍ റാപ്പിനോ, നവോമി ഒസാക്ക ഷെല്ലി ആന്‍ ഫ്രേസര്‍ സിമോണാ ബൈൽസ് തുടങ്ങിയവരാണ് മികച്ച വനിതാ താരത്തിനുള്ള പട്ടികയിലുള്ളത്.