ബെയ്ജിങ്: ചൈനയുടെ ഇതിഹാസ ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് ഒളിംപിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള ലിന്‍ ഡാന്‍ 36ാം വയസിലാണ് കോര്‍ട്ടിനോട് വിട പറയുന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്സ്, 2012ലെ ലണ്ടന്‍ ഒളിംപിക്സ് എന്നിവയിലാണ് അദ്ദേഹം സ്വര്‍ണം നേടിയത്. 

കഴിഞ്ഞ വര്‍ഷം വിരമിച്ച മലേഷ്യയുടെ ലീ ചോങ് വെയും ലിന്‍ ഡാനുമാണ് ബാഡ്മിന്റണ്‍ രംഗ് അടക്കിവാണിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇരുവരും തമ്മിലുള്ള മത്സരങ്ങള്‍ ക്ലാസിക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. കരിയറില്‍ 666 സിംഗിള്‍സ് കിരീടങ്ങളാണ് ലിന്‍ സ്വന്തമാക്കിയത്.

എന്റെ കുടുംബം, കോച്ചുമാര്‍, ടീമംഗങ്ങള്‍, ആരാധകര്‍ തുടങ്ങിയവര്‍ കരിയറിന്റെ നല്ല സമയത്തും മോശം സമയത്തും തനിക്കൊപ്പം നിന്നതായി ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില്‍ ലിന്‍ കുറിച്ചു. അടുത്ത വര്‍ഷം ടോക്കിയോയില്‍ മറ്റൊരു ഒളിംപിക്‌സ് നടക്കാനിരിക്കെയാണ് ലിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.