കാള്‍സണെ തോല്‍പ്പിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ

ചെന്നൈ: ചെസിൽ (Chess) 2900 റേറ്റിംഗ് പോയിന്‍റെന്ന സ്വപ്നം മാഗ്നസ് കാൾസന് (Magnus Carlsen) അസാധ്യമല്ലെന്ന് കാൾസനെ തോൽപ്പിച്ച പതിനാറുകാരനായ ഇന്ത്യൻ താരം ആര്‍ പ്രഗ്നാനന്ദ (R Praggnanandhaa). തന്‍റെ സ്വപ്നം 3000 റേറ്റിംഗ് പോയിന്‍റ് ആണെന്നും പ്രഗ്നാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഹോദരി വൈശാലിയോടൊപ്പം ചെസ് കളിച്ചാണ് കറുപ്പും വെള്ളയും നിറഞ്ഞ 64 കളങ്ങൾ പ്രഗ്നാനന്ദ മനസിൽ പതിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരിൽ അഞ്ചാമൻ. ചെസ് ലോകത്ത് പകരംവയ്ക്കാനില്ലാത്ത മാഗ്നസ് കാൾസനെതിരെ പതിനാറാം വയസിൽ ഉജ്വല വിജയം ഇന്ത്യന്‍ കൗമാര പ്രതിഭയ്‌ക്ക് സ്വന്തമായി. ലോകത്തൊരു താരത്തിനും എത്തിപ്പിടിക്കാനാകാത്ത 2900 റേറ്റിംഗ് പോയിന്‍റിനായുള്ള കാൾസന്‍റെ ശ്രമം വിജയത്തിലെത്തുമെന്ന് പ്രഗ്നാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

3000 റേറ്റിങ് പോയിന്‍റാണ് തന്റെ സ്വപ്നമെന്നും പ്രഗ്നാനന്ദ വ്യക്തമാക്കി. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തുന്നത്. 

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു. കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്.

പ്രതീക്ഷയായി പ്രഗ്നാനന്ദ

തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.

Sachin congratulates Praggnanandhaa : 'മാന്ത്രിക വിജയം'; കാള്‍സണെ വീഴ്‌ത്തിയ പ്രഗ്നാനന്ദയെ വാഴ്‌ത്തി സച്ചിന്‍