ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെന്‍റിൽ ഡി ഗുകേഷ് വീണ്ടും തോൽപ്പിച്ചു. കറുത്ത കരുക്കളുമായി കളിച്ചാണ് ഗുകേഷ് കാൾസനെ അട്ടിമറിച്ചത്.

സബ്രെഗ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ച് ലോക ചാമ്പ്യൻ ഡി ഗുകേഷ്. ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെന്‍റിലെ റാപ്പിഡ് ഫോർമാറ്റിലാണ് ഗുകേഷ് അട്ടിമറി ജയം നേടിയത്. കറുത്ത കരുക്കളുമായി കളിച്ചാണ് ഗുകേഷ് കാൾസനെ അട്ടിമറിച്ചത്. കാള്‍സനെതിരെ ഗുകേഷിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കാള്‍സനെതിരായ ജയത്തോടെ 10 പോയിന്‍റുമായി ഗുകേഷ് ടൂർണമെന്‍റിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന് മുൻപ് ദുർബലനായ എതിരാളി എന്നാണ് ഗുകേഷിനെ കാൾസൻ വിശേഷിപ്പിച്ചത്. ഇതിന് ചെസ് ബോർഡിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യയുടെ ലോക ചാമ്പ്യൻ. മത്സരശേഷം ഗുകേഷിന്‍റെ മികവിനെ കാള്‍സന്‍ അംഗീകരിക്കുകയും ചെയ്തു. ഗുകേഷ് തന്നെ ശിക്ഷിച്ചുവെന്നായിരുന്നു കാള്‍സന്‍റെ വാക്കുകള്‍. 

ടൂര്‍ണെമന്‍റില്‍ തന്നെ ഞാന്‍ മോശമായാണ് കളിച്ചത്. ഇന്ന് എനിക്കതിനുള്ള ശിക്ഷ കിട്ടി. മത്സരത്തില്‍ എനിക്ക് മികച്ച അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗുകേഷ് മികച്ച നീക്കങ്ങളിലൂടെ മത്സരം കൈയിലാക്കിയെന്നും കാള്‍സന്‍ പറഞ്ഞു.

Scroll to load tweet…

മത്സരത്തിന്‍റെ അവസാനം തനിക്ക് സമനിലയെങ്കിലും നേടാന്‍ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിലും അതിനുവേണ്ടി ശ്രമിക്കേണ്ടെന്ന് താന്‍ താരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ പിന്നീട് പ്രതീക്ഷ നഷ്ടമായെന്നും കാള്‍സന്‍ പറഞ്ഞു. എന്‍റെ ഭാഗത്തുനിന്ന് മോശം പ്രകടനമായിരുന്നു. അവന്‍ നന്നായി കളിച്ചു, കിട്ടിയ അവസരങ്ങള്‍ മുതലാക്കുകയും ചെയ്തുവെന്നും കാള്‍സന്‍ ഗുകേഷിനെക്കുറിച്ച് പറഞ്ഞു.

ടൂര്‍ണമെന്‍റിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗുകേഷിനെ കാള്‍സന്‍ ദുര്‍ബലനായ എതിരാളിയെന്ന് വിശേഷിപ്പിച്ചത്. ക്രൊയേഷ്യയിലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്‍റില്‍ ഗുകേഷ് മികവ് കാട്ടാന്‍ ഒരു സാധ്യതയുമില്ലെന്നും ലോകത്തിലെ മികച്ച കളിക്കാരനാവാന്‍ ഇനിയും തെളിയിക്കേണ്ടതുണ്ടെന്നും കാള്‍സന്‍ പറഞ്ഞിരുന്നു. അവന് പ്രതീക്ഷ വെക്കാം പക്ഷെ അവനെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ ഏറ്റവും ദുര്‍ബലനായ എതിരാളിയെ നേരിടാനിറങ്ങുന്നതുപോലെ മാത്രമെ അവനെതിരെ കളിക്കൂവെന്നും കാള്‍സന്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക