മത്സരങ്ങൾ നടത്തുന്നതിന് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് നവീകരിക്കുന്നതിന് പകരം യഥാസമയം പരിപാലനം നടത്തി സ്റ്റേഡിയം സംരക്ഷിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് അലയൊലികൾ തീർത്ത മലപ്പുറത്തിന്റെ മാറക്കാനയായ പയ്യനാട് ഫുട്‌ബോൾ സ്‌റ്റേഡിയം കാടുപിടിച്ച് നശിക്കുന്നു. പരിപാലനം ഇല്ലാത്തതാണ് സ്‌റ്റേഡിയത്തിലെ പുല്ലുകൾ നശിക്കാൻ കാരണം. കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെൻറിനോടനുബന്ധിച്ചാണ് സ്‌റ്റേഡിയം നവീകരിച്ചത്. ലക്ഷങ്ങൾ മുടക്കി നടത്തിയ നവീകരണം മുഴുവൻ നശിക്കുമെന്ന അവസ്ഥയാണ് നിലവിൽ. സന്തോഷ് ട്രോഫിക്ക് മുമ്പ് മികച്ച മൈതാനമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയ സ്റ്റേഡിയമാണിത്. മൈതാനത്ത് പുല്ലുകൾ യഥാസമയം പരിപാലനം നടത്താതെ വന്നതോടെ പരിസരമാകെ കാടുപിടിച്ചിട്ടുണ്ട്.

YouTube video player

രണ്ട് ഗോൾ പോസ്റ്റിനടുത്തും മുട്ടോളം ഉയരത്തിലാണ് പുല്ലുകൾ. കോർണർ ലൈൻ പോലും കാണാത്ത തരത്തിൽ കുറ്റിച്ചെടികൾ നിറഞ്ഞു. മൈതാനത്തിലെ പുല്ലിന് പുറമെ മറ്റു കളകളുമുണ്ട്. ഗോൾ പോസ്റ്റിന് പുറത്തും സ്ഥിതി വ്യത്യസ്തമല്ല. സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി സ്‌റ്റേഡിയം മികച്ച രീതിയിൽ നവീകരിച്ചിരുന്നു. നാല് മാസത്തോളം യഥാസമയം പുല്ലുകൾ യന്ത്രങ്ങൾ ഉപയോഗിച്ച് വെട്ടിയൊതുക്കി. പിന്നീട് റോളർ ഉപയോഗിച്ചും പ്രവൃത്തി നടത്തി. എന്നാൽ, ഫൈനൽ മത്സരം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും പഴയ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുല്ലുകൾ പറിക്കുന്ന ജോലി നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല. മഴക്കാലമായതോടെ വേഗത്തിലാണ് പുല്ലിന്റെ വളർച്ച. 

2015ലെ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുശേഷം ദേശീയ മത്സരങ്ങൾക്ക് പയ്യനാട് വേദിയായിരുന്നില്ല. ഈ സമയത്തും സ്റ്റേഡിയത്തിൽ പുല്ല് നിറഞ്ഞിരുന്നു. ഇതിനെതിരെ കായിക പ്രേമികൾ വലിയ രീതിയിൽ പ്രതിഷേധം ഉയർത്തി. ഇതോടെയാണ് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയത്. 2020ൽ സ്റ്റേഡിയത്തിൽ നാല് കോടി രൂപ ചെലവഴിച്ച് ഫ്‌ലഡ്‌ലൈറ്റും സജ്ജമാക്കി. സന്തോഷ് ട്രോഫിയിലെ നിറഞ്ഞ ഗാലറി കണ്ട് സ്റ്റേഡിയം നവീകരിക്കുമെന്നും ഒട്ടേറെ ദേശീയ മത്സരങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചിരുന്നു. വീണ്ടും മത്സരങ്ങൾ നടത്തുന്നതിന് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് നവീകരിക്കുന്നതിന് പകരം യഥാസമയം പരിപാലനം നടത്തി സ്റ്റേഡിയം സംരക്ഷിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.