'ഗോൾമുഖത്തെ കടുവ' എന്നറിയപ്പെട്ട മാനുവലിന്‍റെ പ്രകടനം കാണാൻ 70കളിൽ സിനിമാ താരങ്ങൾ വരെ സ്റ്റേഡിയങ്ങളിലെത്തി.

കണ്ണൂര്‍:കണ്ണൂരിൽ നിന്ന് ഇന്ത്യൻ ഹോക്കിയുടെ അമരത്തേക്കുള്ള ഐതിഹാസിക യാത്രയായിരുന്നു മാനുവേൽ ഫ്രെഡറിക്കിന്‍റേത്. 'ഗോൾമുഖത്തെ കടുവ' എന്നറിയപ്പെട്ട മാനുവലിന്‍റെ പ്രകടനം കാണാൻ 70കളിൽ സിനിമാ താരങ്ങൾ വരെ സ്റ്റേഡിയങ്ങളിലെത്തി. എന്നാൽ അർഹതയ്കുള്ള അംഗീകാരം മിക്കപ്പോഴും മാനുവലിന് ലഭിച്ചില്ല. കേരളത്തിൽ അത്രയധികം വേരോട്ടമില്ലാത്ത കായിക ഇനത്തിലൂടെ ഒളിംപിക് മെഡൽ ആദ്യമായി മലയാളക്കരയിലേക്ക് എത്തിക്കുക. അമ്പരപ്പുളവാക്കുന്ന നേട്ടങ്ങളും വൈകിയെത്തിയ അംഗീകാരങ്ങളും നിറഞ്ഞതായിരുന്നു മാനുവേൽ ഫ്രെഡറിക്കിന്‍റെ കരിയറും ജീവിതവും.

സ്വാതന്ത്ര്യലബ്ധിയുടെ ആരവങ്ങൾക്കിടയിൽ കണ്ണൂർ ബർണശ്ശേരിയിൽ ജനിച്ച മാനുവൽ ദേശീയ ഹോക്കി ടീമിലെത്തുന്നത് സർവ്വീസസ് ടീമിലൂടെയാണ്. കർണാടകത്തിലേക്കുള്ള ചുവടുമാറ്റം 1971ൽ ദേശീയ ടീമിന്‍റെ ഭാഗമാക്കി. തൊട്ടുത്ത വർഷം മ്യൂണിക്കിലായിരുന്നു മാനുവലിന് ഐതിഹാസിക പരിവേഷം സമ്മാനിച്ച ഒളിംപിക് നേട്ടം. വെങ്കല മെഡൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ ഇന്ത്യൻ ടീം തോൽപ്പിക്കുമ്പോൾ ഗോൾവലയ്ക്ക് മുന്നിൽ വിശ്വസ്തനായി നിന്നു ഈ മലയാളി

1973ലും 1978ലും ഹോക്കി ലോകകപ്പിൽ ഇന്ത്യക്കായി ഇറങ്ങിയ മാനുവേൽ വിരമിച്ചതിന് ശേഷം ബാംഗ്ലൂരിൽ തുടർന്നു. സ്കൂളുകളിലും കോളേജുകളിലും കായികാധ്യാപകനായി സജീവമായ മാനുവലിന് അർഹതയ്ക്കുള്ള അംഗീകാരം വൈകി. ധ്യാൻചന്ദ് പുരസ്കാരത്തിന് 9 തവണ അപേക്ഷ നൽകിയെങ്കിലും 2019ൽ മാത്രമാണ് അംഗീകാരം ലഭിച്ചത്

കാത്തിരിപ്പിനൊടുവിൽ ജന്‍മനാടായ കണ്ണൂരില്‍ സ്വന്തമായൊരു വീട് യാഥാർത്ഥ്യമായെങ്കിലും കർമ്മഭൂമിയായ ബെംഗളൂരുവിൽ തന്നെയായിരുന്നു വിയോഗം. ദേശീയ ടീമിലും ഒളിംപിക് പോഡിയത്തിലും മാനുവലിന്‍റെ പിൻഗാമിയാകാൻ പി.ആർ.ശ്രീജേഷിന് പ്രചോദനമായ ഇതിഹാസതാരം 78ാം വയസിലാണ് വിടവാങ്ങുന്നത്. അവഗണനകൾക്ക് മുന്നിൽ പതറാതെ. ഹോക്കിയെ മാത്രം സ്നേഹിച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക