ഇന്നലെ ആദ്യ ദിനം ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു.

ബെംഗളൂരു: ഇന്ത്യ എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എ 309 റണ്‍സിന് പുറത്ത്. 299-9 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി. ആറ് റണ്‍സെടുത്ത ഒക്കൂലെ സെലെയെ പുറത്താക്കിയ ഗുര്‍നൂര്‍ ബ്രാറാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാനവ് സുതാറും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 70 പന്തില്‍ 65 റൺസെടുത്ത ആയുഷ് മാത്രെയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പ്രനെലാൻ സുബ്രായനാണ് വിക്കറ്റ്. 20 റണ്‍സോടെ സായ് സുദര്‍ശനും റണ്ണൊന്നുമെടുക്കാതെ ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

ഇന്നലെ ആദ്യ ദിനം ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ലെസേഗോ സെനോക്വാനെയെ(0) അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് മടക്കി. എന്നാല്‍ രണ്ടാ വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജോര്‍ദാന്‍ ഹെര്‍മാനും സുബൈര്‍ ഹംസയും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ മികച്ച നിലയിലെത്തിച്ചു. സുബൈര്‍ ഹംസയെ(66) ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ഗുര്‍നൂര്‍ ബ്രാര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റൻ മാര്‍ക്വേസ് അക്കര്‍മാനും ജോര്‍ദാന്‍ ഹെര്‍മാനും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്ക എയെ 150 കടത്തി.

അക്കര്‍മാനെ(18) പുറത്താക്കിയ തനുഷ് കൊടിയനാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായ ജോര്‍ദാന്‍ ഹെര്‍മാനെ(71) തനുഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ച് റണ്‍സെടുത്ത റിവാള്‍ഡോ മൂൺസാമിയെ മാനവ് സുതാര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ 170-2ല്‍ നിന്ന് 197-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ടിയാന്‍ വാന്‍ വൂറെനും റൂബിന്‍ ഹെര്‍മാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്ക എയെ 200 കടത്തി. സ്കോര്‍ 266ല്‍ നില്‍ക്കെ റൂബിന്‍ ഹെര്‍മാനെ വീഴ്ത്തിയ തനുഷ് കൊടിയാൻ 72 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചതോടെ വീണ്ടും ദക്ഷിണാഫ്രിക്ക തകര്‍ന്നു. പിന്നാലെ പ്രെനാലന്‍ സുബ്രായനെ(1) യും തനുഷ് കൊടിയാന്‍ തന്നെ മടക്കി. ടിയാന്‍ വാന്‍ വൂറനെ(46) മാനവ് സുതാറും ലൂതോ സിംപാളയെ(6) ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക