ബുദാപെസ്റ്റ്: ഇതിഹാസതാരമായ അച്ഛന്‍റെ വഴിയേ ട്രാക്കിൽ മിന്നൽപ്പിണരായി മകനും. നാല് തവണ മൈക്കല്‍ ഷുമാക്കര്‍ ഗ്രാന്‍പ്രീ ചാംപ്യനായ ഹംഗറിയിലെ ട്രാക്കിൽ മകന്‍ മിക്ക് ഷുമാക്കര്‍ കന്നി ഫോര്‍മുല 2 കിരീടം നേടി. തുടക്കം മുതൽ ലീഡ് നിലനിര്‍ത്തിയ ജൂനിയര്‍ ഷുമാക്കര്‍ അമ്മയെ സാക്ഷിയാണ് വിസ്‌മയനേട്ടത്തിലെത്തിയത്.

ഫോര്‍മുല 2 കിരീടപ്പോരാട്ടത്തില്‍ മിക്ക് നിലവില്‍ 11-ാം സ്ഥാനത്താണ്. സീസണിൽ ഇനി ബെൽജിയം, ഇറ്റലി, റഷ്യ, അബുദാബി എന്നിവിടങ്ങളില്‍ മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷം ഫോര്‍മുല 3 കിരീടം നേടിയ മിക്ക് നിലവില്‍ ഫെരാരി അക്കാ‍ഡമിയിൽ അംഗമാണ്.

വേഗപ്പോരിലെ രാജകുമാരനായി മാറുമ്പോഴും മിക്കിനും ആരാധകര്‍ക്കും നൊമ്പരമായി മൈക്കല്‍ ഷുമാക്കര്‍ അബോധാവസ്ഥയിൽ തന്നെ. സ്കീയിംഗിനിടെ പരിക്കേറ്റ് 2013 മുതൽ ചലനമില്ലാതെ രോഗക്കിടക്കയിലുള്ള മൈക്കൽ മകന്‍റെ കുതിപ്പ് അറിയുന്നതേയില്ല.