ന്യൂയോര്‍ക്ക്: ഇടിക്കൂട്ടിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി ഇതിസാസ ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍. സെപ്റ്റംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിലാണ് 54കാരനായ ടൈസണ്‍ മത്സരിക്കുക. 2005ല്‍ കെവിന്‍ മാക്‌ബ്രൈഡിനോട് പരാജയപ്പെട്ട ശേഷം ടൈസണ്‍ മത്സരരംഗത്തില്ലായിരുന്നു. 51കാരനായ ജോണ്‍സുമായുള്ള മത്സരം ആകാംക്ഷയടോെയാണ് നോക്കികാണുന്നതെന്ന് ടൈസണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. എട്ട് റൗണ്ട് മത്സരത്തിലാണ് ഇരുവരും മത്സരിക്കുക.

കഴിഞ്ഞ മെയില്‍ ഒരു പരിശീലന വീഡിയോ പങ്കുവച്ചതോടെയാണ് ടൈസണ്‍ ഒരിക്കല്‍കൂടി ബോക്‌സിംഗ് ലോകത്തിന്റെ ശ്രദ്ധയാകര്‍ശിക്കുന്നത്. അന്നുതന്നെ ടൈസണ്‍ ബോക്‌സിംഗ് റിംഗിലേക്ക് തിരിച്ചെത്തുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പരിശീലന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മത്സരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് മത്സരം ബ്രോഡ്കാസ്റ്റ് ചെയ്യുക. 1986ല്‍ കുറഞ്ഞ പ്രായത്തില്‍ ഹെവിവെയ്റ്റ് ചാംപ്യനായ താരമാണ് ടൈസണ്‍. അന്ന് 20 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം.

അടുത്തിടെ കഞ്ചാവ് റിസോര്‍ട്ട് ആരംഭിച്ചിരുന്നു ടൈസണ്‍. 407 ഏക്കര്‍ സ്ഥലത്ത് കഞ്ചാവ് കൃഷിയാണ് റിസോര്‍ട്ടിലൂടെ ഉദ്ദേശിച്ചിരുന്നത്. ടൈസണ്‍ യൂണിവേഴ്സിറ്റിയെന്ന പേരില്‍ഒരു സ്ഥാപനവും ഇവിടെ സ്ഥാപിച്ചിരുന്നു. കഞ്ചാവ് ചെടിയുടെ പരിചരണവും എങ്ങനെ വളര്‍ത്തണമെന്ന സാങ്കേതിക വശങ്ങളുമാണ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുക. കൃഷിയുമായി ബന്ധപ്പെട്ട വിവിധ റിസര്‍ച്ചുകളും യൂണിവേഴ്സിറ്റിയില്‍ നടക്കും.