വയനാട്: വയനാട്ടില്‍ നടന്ന എംടിബി കേരള മൗണ്ടെയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് നല്‍കിയ സമ്മാനത്തുകയില്‍ വനിതകളോടുള്ള വിവേചനത്തില്‍ താരങ്ങള്‍ക്ക് അതൃപ്തി. അടുത്ത തവണയെങ്കിലും സ്‌ത്രീകളോടുള്ള ഈ വിവേചനം അവസാനിപ്പിക്കണമെന്ന് മത്സരത്തിനെത്തിയ രാജ്യാന്തര താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലോക സംഘടനായായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ റേസ് കലണ്ടറില്‍ ഇടം പിടിച്ച ഇന്ത്യയിലെ ആദ്യ മൗണ്ടയ്ന്‍ സൈക്ലിംഗ് മത്സരമാണ് എംടിബി കേരള. അന്താരാഷ്ട്ര, ദേശീയ, അമേച്വർ വിഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാനന്തവാടിയില്‍ മത്സരങ്ങള്‍ നടന്നത്. 

പുരുഷന്‍മാരുടെ അന്താരാഷ്ട്ര വിഭാഗം വിജയിക്ക് ഒന്നരലക്ഷം രൂപയാണ് സമ്മാനതുക. ദേശീയ വിഭാഗത്തില്‍ ഒരുലക്ഷം രൂപയും. എന്നാല്‍ ഇതേ ട്രാക്കില്‍ അന്താരാഷ്ട്ര വിഭാഗം വനിതകളിലെ വിജയിക്ക് ലഭിച്ചത് 25000 രൂപമാത്രം. ദേശീയ വിഭാഗത്തില്‍ വെറും 20000 രൂപയാണ് കൂടിയസമ്മാനതുക. ഈ വിവേചനത്തോടുള്ള എതിർപ്പ് അന്താരാഷ്ട്ര വനിതാ താരങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. പുരുഷ താരങ്ങളുടെ അഭിപ്രായവും വ്യത്യസ്തമല്ല. വിഷയത്തില്‍ എംടിബി കേരള സംഘാടകരുടെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.