മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗത്തില്‍ ഗര്‍ബൈന്‍ മുഗുരുസ- സോഫിയ കെനിന്‍ ഫൈനല്‍. നാലാം സീഡ് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം മുഗുരുസ ഫൈനലില്‍ കടന്നത്. ഒന്നാം നമ്പര്‍ താരം നേരത്തെ അഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ച് കെനിന്‍ ഫൈനലില്‍ കടക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്.

ഹാലപ്പിനെതിരെ ഏകപക്ഷീയമായിരുന്നു മുഗുരുസയുടെ ജയം. ആദ്യ സെറ്റ് ടൈബ്രേക്കിലൂടെയാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ താരത്തിന് അധികം വിയര്‍ക്കേണ്ടി വന്നില്ല. മത്സരം ടൈബ്രേക്കിലേക്ക് പോവും മുമ്പ് ഹാലെപ്പിന്റെ സെര്‍വ് ബ്രേക്ക് ചെയ്തു. നേരത്തെ ആതിഥേയ താരം ബാര്‍ട്ടിക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെനിന്‍ ജയിച്ചത്. സ്‌കോര്‍ 7-6, 7-5. 

പുരുഷവിഭാഗം സെമിയില്‍ നിലവിലെ ചാംപ്യനായ നോവാക് ജോക്കോവിച്ച് മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡററെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാളെ നടക്കുന്ന പുരുഷ സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടും.