കൊല്ലം നിലമേലില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് പോഡിയം വരെ എത്തിയ കുതിപ്പിനിടയിൽ ഏറെ മോഹിച്ച അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മുഹമ്മദ് അനസ്. ലോകചാംപ്യന്‍ഷിപ്പിനായി ചെക് റിപ്പബ്ലിക്കില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ തേടിയെത്തിയ അര്‍ജുന പുരസ്കാരം, മികച്ച പ്രകടനത്തിനുള്ള പ്രചോദനമാകുമെന്ന് താരം വ്യക്തമാക്കി.

ഇന്ത്യന്‍ ക്യാംപില്‍ തനിക്കൊപ്പമുള്ള താരങ്ങളുടെ കുടുംബങ്ങളെ അടക്കം ബാധിച്ച പ്രളയദുരിതം അനസിനും നൊമ്പരമാണ്. അതുകൊണ്ടു തന്നെ അര്‍ജുന പുരസ്കാരം പ്രളയദുരിതത്തിലായ മലയാളികള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മുഹമ്മദ് അനസ് വ്യക്തമാക്കി. പരിശീലനവും സന്നാഹമത്സരങ്ങളും ഉണ്ടെങ്കിലും ഈ മാസം 29 ലെ പുരസ്കാരദാനച്ചടങ്ങിനെത്താമെന്ന പ്രതീക്ഷയിലാണ് അനസ്.