ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് സഹതാരങ്ങള്‍ ഇറങ്ങും മുമ്പ് ഒറ്റക്ക് ബോളെടുത്ത് പോളിലുള്ള ബാസ്കറ്റിലേക്ക് പന്തിട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ലോഹം കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്.
റോത്തക്ക്: ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ മാജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് സഹതാരങ്ങള്‍ ഇറങ്ങും മുമ്പ് ഒറ്റക്ക് ബോളെടുത്ത് പോളിലുള്ള ബാസ്കറ്റിലേക്ക് പന്തിട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ലോഹം കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്. നിലത്തുവീണ ഹാര്‍ദ്ദിക്കിന്‍റെ നെഞ്ചിലാണ് പോള്‍ ഇടിച്ചുവീണത്. സഹതാരങ്ങള്‍ ഓടിയെത്തി പോള്‍ എടുത്തുമാറ്റി അടിയന്തര വൈദ്യസഹായം നല്‍കി സമീപത്തുള്ള പിജിഐ റോത്തക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് ആദരസൂചകമായി അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് ചാമ്പ്യൻഷിപ്പില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള ഹാര്‍ദ്ദിക് അടുത്തിടെ കാംഗ്രയിൽ നടന്ന 47-ാമത് സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന് പുറമെ പുതുച്ചേരിയില്‍ നടന്ന 49-ാമത് സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും ഹാര്‍ദ്ദിക് നേടിയിരുന്നു.
ഹാര്‍ദ്ദിക്കിന്‍റെ മരണത്തിന് രണ്ട് ദിവസം മുമ്രപ് ബഹാദുര്‍ഗയിലെ ഹോഷിയാര്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന സമാനമായൊരു അപകടത്തില്‍ മത്സരത്തിനിടെ ബാസ്ക്റ്റ് പോള്‍ ഒടിഞ്ഞുവീണ് 15കാരനായ അമന്‍ എന്നൊരു യുവാതാരവും മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച അമന്‍ ചികിത്സക്കിടെയാണ് മരിച്ചത്.


