38 പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്ത കുല്‍ദീപിനെ സിമോണ്‍ ഹാര്‍മര്‍ ബൗള്‍ഡാക്കിയപ്പോള്‍ മൂന്ന് പന്ത് മാത്രം നേരിട്ട് രണ്ട് റണ്‍സെടുത്ത ധ്രുവ് ജുറെലിനെ ഹാര്‍മര്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ചു.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ മങ്ങുന്നു. 549 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ ഇന്ത്യ അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 138 പന്ത് നേരിട്ട് 14 റണ്‍സോടെ സായ് സുദര്‍ശനും 23 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം ആദ്യമണിക്കൂറില്‍ നഷ്ടമായത്. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ദക്ഷണാഫ്രിക്കന്‍ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ്.

38 പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്ത കുല്‍ദീപിനെ സിമോണ്‍ ഹാര്‍മര്‍ ബൗള്‍ഡാക്കിയപ്പോള്‍ മൂന്ന് പന്ത് മാത്രം നേരിട്ട് രണ്ട് റണ്‍സെടുത്ത ധ്രുവ് ജുറെലിനെ ഹാര്‍മര്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ചു. 16 പന്ത് നേരിട്ട് ഒരു ഫോറും ഒരു സിക്സും അടക്കം 13 റണ്‍സെടുത്ത ക്യാപ്റ്റൻ റിഷഭ് പന്തിനെയും ഹാര്‍മര്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലാക്കി. നേരത്തെ മാര്‍ക്കോ യാന്‍സന്‍റെ പന്തില്‍ സായ് സുദര്‍ശനെ വെരിയെന്നെ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നെങ്കിലും നോ ബോളായതിനാല്‍ സുദര്‍ശന്‍ രക്ഷപ്പെട്ടു. കുല്‍ദീപ് നല്‍കിയ ക്യാച്ച് ഏയ്ഡന്‍ മാര്‍ക്രവും കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്കക്കായി ഹാര്‍മര്‍ 12 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകൾ ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ബൗൾഡാക്കി. എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. ആറ് വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 459 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.

ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. സ്റ്റബ്സിനെ ജഡേജ ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു.