സാംഗ്രൂര്‍: ദേശീയ സീനിയ‍ര്‍ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൻറെ മൂന്നാം ദിനമായ ഇന്ന് ഏഴ് ഫൈനലുകൾ. ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും 1500 മീറ്റ‍ര്‍, പെൺകുട്ടികളുടെ ജാവലിൻ ത്രോ, ആൺകുട്ടികളുടെ പോൾവോൾട്ട്, ഷോട്ട് പുട്ട്, ഹാമർ ത്രോ, ട്രിപ്പിൾ ജംപ് ഇനങ്ങളിലാണ് ഫൈനൽ. 29 പോയിൻറുമായി കേരളം നാലാം സ്ഥാനത്താണിപ്പോൾ. 43 പോയിൻറുള്ള മഹാരാഷ്‌ട്രയാണ് ഒന്നാം സ്ഥാനത്ത്.

തിരിച്ചടിയായി കൊടുംതണുപ്പ്

പഞ്ചാബിലെ കൊടും തണുപ്പാണ് കേരളത്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നത്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് പൊരുതുന്ന കേരളത്തിന്‍റെ പ്രകടനം ഇതുവരെ ട്രാക്കിലായിട്ടില്ല. പല താരങ്ങള്‍ക്കും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. 10 ഡിഗ്രിയിലേക്ക് താഴ്‌ന്ന കാലാവസ്ഥയില്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റിലെ പ്രകടനം ആവര്‍ത്തിക്കാനാവാതെ പ്രയാസപ്പെടുകയാണ് കേരള താരങ്ങള്‍. 

ദീര്‍ഘദൂര ഓട്ടക്കാരെയും ജംപ് ഇനങ്ങളില്‍ മത്സരിക്കുന്നവരെയുമാണ് തണുപ്പ് കൂടുതല്‍ ബാധിക്കുന്നത്. കാലുകള്‍ മരവിക്കുന്നതായി താരങ്ങള്‍ പറയുന്നു. പല താരങ്ങൾക്കും മത്സരം പൂർത്തിയാക്കാൻ പോലും കഴിയുന്നില്ല. രണ്ട് ഡോക്‌ടര്‍മാര്‍ ടീമിനൊപ്പമുണ്ടെങ്കിലും കാലാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാകുന്നില്ല. ഇതോടെ താരങ്ങള്‍ക്കൊപ്പം പരിശീലകരും ആശങ്കയിലായിക്കഴിഞ്ഞു. 

മുഴുവന്‍ പ്രതീക്ഷകളും തെറ്റിച്ചിരിക്കുകയാണ് ആദ്യ രണ്ട് ദിവസത്തെ പ്രകടനം എന്ന് പരിശീലകരും പറയുന്നു. ട്രാക്കിലും ഫീല്‍ഡിലും എതിരാളികളെക്കാള്‍ കേരളത്തിന് വെല്ലുവിളിയാവുന്നത് സാംഗ്രൂരിലെ തണുപ്പാണ്. തണുപ്പിനൊപ്പം ഇനിയുള്ള ദിവസങ്ങളില്‍ മഴകൂടിയുണ്ടാകുമെന്നത് കേരളത്തിന്‍റെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.