ദേശീയ സീനിയർ വനിതാ ഫുട്ബാൾ: സിക്കിമിനും തമിഴ്നാടിനും മഹാരാഷ്ട്രക്കും വിജയം
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ആദ്യമത്സരത്തിൽ മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തി.

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ ജയം മാത്രം ലക്ഷ്യമിട്ട് കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച്ച രാവിലെ 9.30 ന് നടക്കുന്ന മത്സരത്തിൽ ഉത്തരാഖണ്ഡാണ് കേരളത്തിൻ്റെ എതിരാളികൾ.
തിങ്കളാഴ്ച്ച നടന്ന മത്സരങ്ങളിൽ സിക്കിമും തമിഴ് നാടും മഹാരാഷ്ട്രയും വിജയിച്ചു. പഞ്ചാബ്-വെസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു.കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ആദ്യമത്സരത്തിൽ മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സിക്കിം എതിരില്ലാത്ത 5 ഗോളുകൾക്കാണ് ജമ്മു ആൻ്റ് കശ്മീരിനെ പരാജയപ്പെടുത്തിയത്.
മെഡിക്കൽ കോളെജ് ഒളിമ്പ്യൻ റഹ്മാൻ സ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ തമിഴ്നാട് എതിരില്ലാത്ത 20 ഗോളുകൾക്കാണ് തെലങ്കാനയെ തോൽപ്പിച്ചത്. പഞ്ചാബ്-വെസ്റ്റ്ബംഗാൾ മത്സരം ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മിസോറാം മധ്യപ്രദേശിനെ നേരിടും. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ രാവിലെ 9.30ന് ആന്ധ്ര ഹരിയാനെയെയും ഉച്ചക്ക് 2.30 ന് ഗുജറാത്ത് ഒഡിഷയെയും നേരിടും.