ദില്ലി: ദേശീയ കായിക പുരസ്കാരങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇനി ഒരൊറ്റസമിതി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മുകുന്ദകം ശര്‍മ്മ അധ്യക്ഷനായ 12 അംഗ സമിതിയിൽ ബോക്സിംഗ് താരം മേരി കോം, മലയാളി ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, മുന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ, ദേശീയ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര തുടങ്ങിയവര്‍ അംഗങ്ങളാണ്. 

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഖേല്‍രത്ന, അര്‍ജുന, ധ്യാന്‍ചന്ദ്, ദ്രോണാചാര്യ പുരസ്കാരജേതാക്കളെ ഈ സമിതി തന്നെ തെരഞ്ഞെടുക്കും. മുന്‍വര്‍ഷങ്ങളില്‍ വ്യത്യസ്ത സമിതികള്‍ക്കായിരുന്നു ചുമതല. അടുത്തയാഴ്‌ച അവസാനത്തോടെ പുരസ്കാര പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ദേശീയ കായികദിനമായ 29ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.