ന്യൂയോര്‍ക്ക്: സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ നൈക്കി ഗര്‍ഭം ധരിക്കുന്ന കായികതാരങ്ങളോടുള്ള നയം മാറ്റി. ഒരു കായികതാരം ഗര്‍ഭം ധരിച്ചാല്‍ അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നല്‍കുന്ന പ്രതിഫലം കുറയ്ക്കില്ലെന്ന് നൈക്കി ഔദ്യോഗികമായി വ്യക്തമാക്കി. മുന്‍പ് നൈക്കി സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ ഗര്‍ഭിണികളായാല്‍ അവരുടെ പതിനെട്ട് മാസത്തെ പ്രതിഫലം നൈക്കി കുറയ്ക്കുമായികുന്നു.

നൈക്കിയുമായി പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞ അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അല്ലിസണ്‍ ഫെലിക്‌സ് അത്‌ലറ്റ എന്ന ബ്രാന്‍ഡുമായി കൈകോര്‍ത്തിരുന്നു. ഫെലിക്‌സിന് അയച്ച ഇ മെയിലിലാണ് നയം മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 

നൈക്കിയുമായി പിരിഞ്ഞതിനു ശേഷം ഫെലിക്‌സ് ജൂലൈയില്‍ നടന്ന യു.എസ്.എ. ഔട്ട്‌ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോണ്‍സറില്ലാതെയാണ് മത്സരിച്ചത്. ഫെലിക്‌സിനെ കൂടാതെ യു.എസ്. താരങ്ങളായ അലിസിയ മൊണ്ടാനോയും കാര ഗൗച്ചറും നൈക്കിക്കെതിരേ സമാനമായ പരാതിയുമായി രംഗത്തു വന്നിരുന്നു.