ദില്ലി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്‍ലറ്റ് നിർമ്മല ഷിയോറന് നാല് വർഷത്തെ വിലക്ക്. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ മെഡലുകളും നിർമ്മലയ്ക്ക് നഷ്ടമാവും. കഴിഞ്ഞ വർഷം ജൂണിൽ നടന്ന മീറ്റിനിടെ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് നിർമ്മല പരാജയപ്പെട്ടത്. 

നിരോധിത സ്റ്റിറോയ്ഡുകള്‍ താരം ഉപയോഗിച്ചുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ 2016 ഓഗസ്റ്റ് മുതലുള്ള നിർമ്മലയുടെ മത്സരഫലങ്ങളെല്ലാം അയോഗ്യമാക്കി. 2018 ജൂൺ 29 മുതലാണ് വിലക്കിന്‍റെ കാലാവധി തുടങ്ങുന്നത്. 

ഇരുപത്തിനാലുകാരിയായ നിർമ്മല 2017ലെ ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്വർണം നേടിയിരുന്നു. ഇതേയിനങ്ങളിൽ റിയോ ഒളിംപിക്സിൽ പങ്കെടുത്തതും അയോഗ്യമാക്കിയിട്ടുണ്ട്.