ലണ്ടന്‍: നോവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-2, 4-6, 6-3, 6-2. റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍ മത്സരത്തിലെ വിജയികളെ ജോക്കോവിച്ച് ഫൈനലില്‍ നേരിടും.

സീസണില്‍ ഇരുവരും തമ്മിലുള്ള മൂന്നാം മത്സരമായിരുന്നു ഇന്ന് നടന്നത്. രണ്ട് തവണയും വിജയം അഗട്ടിനായിരുന്നു. എന്നാല്‍ ഇത്തവണ വിജയം ആവര്‍ത്തിക്കാനായില്ല. വിംബിള്‍ഡണ്‍ നിലവിലെ ജേതാവാണ് ജോക്കോവിച്ച്. 

നാല് തവണ ഇവിടെ കിരീടമുയര്‍ത്തിയിട്ടുണ്ട് സെര്‍ബിയക്കാരന്‍. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ചിനായിരുന്നു. കരിയറിലെ 16ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്.