ഏപ്രിലിലെ മാഡ്രിഡ് ഓപ്പണിന് (Madrid Open) മുന്നോടിയായി ജോക്കോവിച്ച് വാക്‌സീന്‍ എടുക്കണമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. 

മാഡ്രിഡ്: സെര്‍ബിയയുടെ ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) കുരുക്കായി സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്. ഏപ്രിലിലെ മാഡ്രിഡ് ഓപ്പണിന് (Madrid Open) മുന്നോടിയായി ജോക്കോവിച്ച് വാക്‌സീന്‍ എടുക്കണമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. സ്‌പെയിനില്‍ കളിക്കണമെങ്കില്‍ ജോക്കോവിച്ച് സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ നടപടി അതാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

സ്‌പെയിനിലെ നിലവിലെ നിയമം അനുസരിച്ച് ജോക്കോവിച്ചിന് രാജ്യത്തെത്താന്‍ തടസ്സമില്ല. വാക്‌സീന്‍ എടുക്കാത്തവര്‍ 72 മണിക്കൂറിനിടയിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് മതിയെന്നാണ് ചട്ടം. മാഡ്രിഡ് ഓപ്പണ്‍ പുറത്തിറക്കിയ പോസ്റ്ററിലും ജോക്കോവിച്ചിന്റെ ചിത്രമുണ്ട്. സ്‌പെയിനിലെ മാര്‍ബെല്ലയില്‍ ജോക്കോവിച്ചിന് വീടുമുണ്ട്.

കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ നേരിട്ട വിലക്ക് മറ്റ് രാജ്യങ്ങളിലും തുടരാനാണ് സാധ്യത. പ്രതിരോധ വാക്‌സിനെടുത്തില്ലെങ്കില്‍ ജോക്കോവിച്ചിനെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും (French Open) കളിപ്പിക്കില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ വാക്‌സിന്‍ നയം നടപ്പിലാവുമ്പോള്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഫ്രാന്‍സില്‍ യാതൊരുവിധ ഇളവുകളും ഉണ്ടാവില്ലെന്നാണ് കായിക മന്ത്രാലയത്തിന്റെ നയം. 

കൊവിഡ്പ്രതിരോധ വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെ കോടതി ഉത്തരവിന്റെ ബലത്തില്‍ കളിക്കാന്‍ തയാറായ ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കുകയും താരത്തെ രാജ്യത്തിന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിലും വാക്‌സിനെടുക്കാത്തവര്‍ക്ക് ഇളവുണ്ടാകില്ലെന്ന നിലപാടുമായി ഫ്രഞ്ച് കായികത മന്ത്രാലയവും രംഗത്തെത്തിയിരിക്കുന്നത്.