കൊവിഡ് വാക്സീന്‍ എടുക്കാതിരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോര്‍ട്ട് ഉണ്ടായിട്ടും, തിടുക്കത്തിൽ വീസ റദ്ദാക്കിയ നടപടി യുക്തിരഹിതമെന്നായിരുന്നു നൊവാക് ജോക്കോവിച്ചിന്‍റെ വാദം. രേഖകള്‍ പരിശോധിച്ച ജഡ്ജി ആന്‍റണി കെല്ലി, ലോക ഒന്നാം നമ്പര്‍ താരം ഇതിൽ കൂടുതൽ എന്ത് ചെയ്യണമെന്ന് ചോദിച്ചതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അയഞ്ഞു.

മെല്‍ബണ്‍: ടെന്നീസ് കോര്‍ട്ടില്‍ നിരവധി ചരിത്ര വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്(Novak Djokovic) യഥാര്‍ഥ കോര്‍ട്ടില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ(Australian Govt) ആദ്യ റൗണ്ട് വിജയം. ഈ മാസം 17ന് ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open 2022) പങ്കെടുക്കാനായി വാക്സീന്‍ ഇളവുനേടി ഓസ്ട്രേലിയയില്‍ എത്തിയ ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കുകയും തടഞ്ഞുവെക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ അനുമതി നല്‍കി. എന്നാൽ വീസ വീണ്ടും റദ്ദാക്കാനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.

കൊവിഡ് വാക്സീന്‍ എടുക്കാതിരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോര്‍ട്ട് ഉണ്ടായിട്ടും, തിടുക്കത്തിൽ വീസ റദ്ദാക്കിയ നടപടി യുക്തിരഹിതമെന്നായിരുന്നു നൊവാക് ജോക്കോവിച്ചിന്‍റെ വാദം. രേഖകള്‍ പരിശോധിച്ച ജഡ്ജി ആന്‍റണി കെല്ലി, ലോക ഒന്നാം നമ്പര്‍ താരം ഇതിൽ കൂടുതൽ എന്ത് ചെയ്യണമെന്ന് ചോദിച്ചതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അയഞ്ഞു. വീസ റദ്ദാക്കിയ നടപടി പിന്‍വലിക്കാമെന്ന് സമ്മതിച്ച സര്‍ക്കാര്‍ പാസ്പോര്‍ട്ട് ഉടന്‍ സെര്‍ബിയന്‍ താരത്തിന് കൈമാറാമെന്നും അറിയിച്ചു.

പിന്നാലെയാണ് ഉടന്‍ ഹോട്ടൽമുറിയിലെ നിരീക്ഷണം മതിയാക്കാനും ജോക്കോവിച്ചിനെ സ്വതന്ത്രനാക്കാനും കോടതി ഉത്തരവിട്ടത്. കോടതിയിൽ ജയിച്ചെങ്കിലും ജോക്കോവിച്ചിന്‍റെ ഓസ്ട്രേലിയന്‍ ഓപ്പൺ പങ്കാളിത്തം ഇപ്പോഴും ഉറപ്പല്ല. വീസ റദ്ദാക്കാന്‍ കുടിയേറ്റ വകുപ്പ് മന്ത്രിക്കുള്ള പ്രത്യേക അധികാരം പ്രയോഗിച്ചേക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു കഴിഞ്ഞു.

പൊതുതാത്പര്യം കണക്കിലെടുത്ത് ആരുടെയും വീസ റദ്ദാക്കാന്‍ ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തിലെ 133ആം വകുപ്പ് അനുസരിച്ച് മന്ത്രിക്ക് കഴിയും. വാക്സീനെടുക്കാത്ത ജോക്കോവിച്ച് മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. നാട്ടിലേക്ക് തിരിച്ചയച്ചാൽ ജോക്കോവിച്ചിന് മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയിൽ കാലുകുത്താനുമാകില്ല. ചുരുക്കത്തിൽ കോടതിയിൽ വിജയിച്ചിട്ടും ലോക ഒന്നാം നമ്പര്‍ താരം മെൽബണിലെ കോര്‍ട്ടിലിറങ്ങുമോയെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.