മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നോവാക് ജോക്കോവിച്ചിന്റെ കൈകളില്‍ ഭദ്രം. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍4-6, 6-4, 6-2, 3-6, 4-6 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി.

ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 26കാരനായ തീമിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനാണ് മെല്‍ബണില്‍ ജോക്കോവിച്ച് വിലങ്ങുതടിയായത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെടുകയായിരുന്നു. ലോര്‍ഡ് ലേവര്‍ അറീനയില്‍ ആദ്യ സെറ്റ് ജോക്കോവിച്ചിനായിരുന്നു. 

എന്നാല്‍ അടുത്ത രണ്ട് സെറ്റിലും മനോഹരമായി തിരിച്ചുവന്ന തീം ജോക്കോയെ അമ്പരപ്പിച്ചു. രണ്ടും മൂന്നും സെറ്റ് തീമിന്. എന്നാല്‍ നിര്‍ണായക നാലാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ചു. മത്സരം അവസാന സെറ്റിലേക്ക്. എന്നാല്‍ തീമിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത് നിലവിലെ ചാംപ്യന്‍ സെറ്റ് കിരീടം സ്വന്തമാക്കി. 

ഇന്നലെ നടന്ന വനിത വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍ കിരീടം നേടിയിരുന്നു. സ്പാനിഷ്താരം ഗര്‍ബൈന്‍ മുഗുരുസയെ പരാജയപ്പെടുത്തിയായിരുന്നു കെനിന്റെ കിരീടം.